ബിജെപിയുമായി സീറ്റു വിഹിതം ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാര്‍ തലസ്ഥാനത്ത്

2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് രാജ്യത്തെ ഒട്ടു  മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. സ്വന്തം തയ്യാറെടുപ്പുകള്‍ മൂടിവച്ചും മറ്റു പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയും പാര്‍ട്ടികള്‍ മുന്നോട്ടു നീങ്ങുകയാണ്.

Last Updated : Sep 18, 2018, 12:14 PM IST
ബിജെപിയുമായി സീറ്റു വിഹിതം ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാര്‍ തലസ്ഥാനത്ത്

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് രാജ്യത്തെ ഒട്ടു  മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. സ്വന്തം തയ്യാറെടുപ്പുകള്‍ മൂടിവച്ചും മറ്റു പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയും പാര്‍ട്ടികള്‍ മുന്നോട്ടു നീങ്ങുകയാണ്.

2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019 ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ചെറു പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുമുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. 

ആ അവസരത്തിലാണ് തികച്ചും അപ്രതീക്ഷിതമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഡല്‍ഹി സന്ദര്‍ശനം. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സീറ്റു വിഹിതം തീരുമാനിക്കാനാണ് നിതീഷ് കുമാര്‍ തലസ്ഥാനത്ത് എത്തിയത് എന്നാണ് സൂചന. 

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിക്കുന്ന നിതീഷ് കുമാര്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സീറ്റ് വിഹിതം ചര്‍ച്ച ചെയ്ത് ഉറപ്പാക്കുമെന്ന് ജെഡി(യു) വക്താവ് അറിയിച്ചു. ഇത് സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായും ഘടക കക്ഷികളുമായും നിതീഷ് കുമാര്‍ ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. 

അതേസമയം, സീറ്റ് വിഹിതം സംബന്ധിച്ച് കഴിഞ്ഞ ദിവസം പാറ്റ്നയില്‍ ജെഡി(യു) ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ജെഡി(യു)വില്‍ ചേര്‍ന്നതിന് ശേഷമായിരുന്നു ഇത്. 

അതേസമയം, ചികിത്സയ്ക്കായാണ് നിതീഷ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത് എന്നൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 

മുന്നണിയുമായുള്ള ബന്ധ൦ മോശമായാല്‍ കളം മാറ്റി ചവിട്ടുന്ന നിതീഷിനെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ബിജെപി ആവത് ശ്രമിക്കുന്നുണ്ട്. കൂടാതെ, നിതീഷിനും ബിജെപിയുടെ സഹായം ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമാണ് എന്നത് വാസ്തവം തന്നെ. എന്തായാലും, നിതീഷിന്‍റെ അപ്രതീക്ഷിത ഡല്‍ഹി സന്ദര്‍ശനത്തെ വളരെ സൂക്ഷ്മതയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. 

 

 

Trending News