ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യത്തിന് ധാരണയായി

ഉപമുഖ്യമന്ത്രി പദത്തിനു പുറമേ രണ്ട് മന്ത്രിസ്ഥാനവും ജെജെപിയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. 

Last Updated : Oct 26, 2019, 07:48 AM IST
ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യത്തിന് ധാരണയായി

ന്യൂഡല്‍ഹി: ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. 

ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന്‍ ഗവര്‍ണറെ കാണും. ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ധാരണയായത്‌.  അമിത് ഷായുടെ വസതിയില്‍ വച്ചായിരുന്നു ചര്‍ച്ച.

ഉപമുഖ്യമന്ത്രി പദത്തിനു പുറമേ രണ്ട് മന്ത്രിസ്ഥാനവും ജെജെപിയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. 

അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടലാണ് പാര്‍ട്ടിയെ ബിജെപി പാളയത്തിലേക്ക് എത്തിച്ചത്. ജെജെപിയിലെ വലിയൊരു വിഭാഗവും ബിജെപി സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. 

സ്വതന്ത്രരുടേതടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 മറികടന്നെങ്കിലും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ജെജെപിയെ ബിജെപി ക്ഷണിക്കുകയായിരുന്നു.

90 അംഗ സഭയില്‍ 40 സീറ്റുകളില്‍ ബിജെപിയും 31 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറ് എംഎല്‍എമാരുടെ പിന്തുണ കൂടി വേണമായിരുന്നു. 

സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്കും കോണ്‍ഗ്രസിനും മുന്നില്‍ ജെജെപി വാതില്‍ തുറന്നിട്ടതോടെയാണ് ഹരിയാന സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണമായത്.

ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചന കോണ്‍ഗ്രസും നല്‍കിയിരുന്നുവെങ്കിലും ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സഖ്യം സംബന്ധിച്ച് ധാരണയാവുകയായിരുന്നു.

അതേസമയം ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഹരിയാന ലോക് ഹിത് പാര്‍ട്ടി എംഎല്‍എയുമായ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയതിനെതിരെ ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. 

നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഒരംഗമുള്ള ഐഎന്‍എല്‍ഡിയും പിന്തുണയ്ക്കുമെന്നാണ് സൂചന.

Trending News