ബിജെപി-ശിവസേന പോര് മുറുകുന്നു; ഗവര്‍ണറെ കണ്ട് പാര്‍ട്ടി നേതാക്കള്‍!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. ബിജെപി പറഞ്ഞ വാക്കു പാലിക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചു നില്‍ക്കുകയാണ്.

Last Updated : Oct 28, 2019, 04:32 PM IST
ബിജെപി-ശിവസേന പോര് മുറുകുന്നു; ഗവര്‍ണറെ കണ്ട് പാര്‍ട്ടി നേതാക്കള്‍!!

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്. ബിജെപി പറഞ്ഞ വാക്കു പാലിക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചു നില്‍ക്കുകയാണ്.

ഒരു തരത്തില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കം ബിജെപിയും ശിവസേനയും തമ്മില്‍ തുറന്ന പോരിലേക്കു നീങ്ങുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദ൦ സംബന്ധിച്ച വിഷയത്തില്‍ തീരുമാനം അറിയിക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് വേളയില്‍ കൈക്കൊണ്ട തീരുമാനമനുസരിച്ച് മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവയ്ക്കണം. എന്നാല്‍ തങ്ങളുടെ ഈ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് ഇതുവരെ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായോ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസോ ഇക്കാര്യം എഴുതി നല്‍കണമെന്നാണ് ശിവസേനയുടെ ആവശ്യം. 50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ശിവസേന. 
 
അതേസമയം, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ സന്ദര്‍ശിച്ചു. രാവിലെ പത്തരയ്ക്ക് ശിവസേനാ നേതാവ് ദിവാകര്‍ റൗത്തും 11 മണിക്ക് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ കണ്ടു.

എന്നാല്‍, ദീപാവലിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നും ഔദ്യോഗിക വിഷമായിരുന്നില്ല കൂടിക്കാഴ്ചകളുടെ വിഷയം എന്ന് ഇരുപാര്‍ട്ടികളും പ്രതികരിച്ചെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി പ്രതീക്ഷിച്ച സീറ്റ് നേടിയിരുന്നില്ല. ശിവസേനയാകട്ടെ അത്യാവശ്യം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. കൂടാതെ, വോട്ടെടുപ്പിന് മുമ്പുള്ള സഖ്യത്തെ ഗൗരവമായി കാണരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ, ശിവസേനയ്ക്ക് നല്‍കിയ "വരം" ബിജെപിയുടെ കഴുത്തിലെ 'കുരുക്കായി' മാറിയിരിയ്ക്കുകയാണ്. 

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍സിപി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി. 

Trending News