രാജസ്ഥാനിൽ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചന, ഗവര്‍ണര്‍ നിയമസഭ സമ്മേളനം വിളിക്കണം; രാഹുല്‍ ഗാന്ധി

രാജസ്ഥാനിലെ  രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

Last Updated : Jul 25, 2020, 12:14 AM IST
രാജസ്ഥാനിൽ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചന,   ഗവര്‍ണര്‍ നിയമസഭ സമ്മേളനം വിളിക്കണം; രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജസ്ഥാനിലെ  രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

രാജസ്ഥാനില്‍ നടക്കുന്നത്  കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്താനുള്ള  ബിജെപി യുടെ  ഗൂഢാലോചനയാണെന്നും രാജസ്ഥാന്‍ ഗവര്‍ണര്‍ നിയമസഭ സമ്മേളനം വിളിക്കണമെന്നും  രാഹുൽ ഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ 8  കോടി ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നിയമവും ഭരണഘടനയും അനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജ്യത്തെ സർക്കാരുകൾ രൂപവത്‌കരിക്കപ്പെടുന്നതും ഭരിക്കുന്നതും ജനവിധി അനുസരിച്ചാണ്. രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാൻ ഗവർണർ ഇടപെട്ട് നിയമസഭ സമ്മേളനം വിളിക്കണം. ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിനെ അനുവദിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. സത്യം രാജ്യത്തിനു മുന്നിലെത്താന്‍ ഗവര്‍ണര്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററില്‍ ഹിന്ദിയിലായിരുന്നു  രാഹുലിന്‍റെ  പ്രതികരണം.

അതിനിടെ,  ഗവർണർ നിയമസഭ വിളിച്ച് ചേർക്കാൻ തയ്യാറാകാത്തതിനാല്‍  രാജ്‌ഭവന് മുന്നിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ  നേതൃത്വത്തിൽ നടത്തിയ ധർണ അവസാനിപ്പിച്ചു. നിയമസഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിമാരുടെയും ഭരണകക്ഷി എംഎൽഎമാരുടെയും ധർണ നടന്നത്.

നിയമസഭ വിളിച്ച് ചേർക്കാൻ കൃത്യമായ കാരണം വ്യക്തമാക്കിയില്ലെന്നും അതിനാലാണ് നടപടി വൈകിയതെന്നും ഗവർണർ അറിയിച്ചതോടെയാണ് ഗെഹ്‌ലോട്ടിന്‍റെ  നേതൃത്വത്തിലുള്ള ധർണ അവസാനിച്ചത്. ഈ സാഹചര്യത്തിൽ നിയമസഭ വിളിച്ച് ചേർക്കാനുള്ള കത്ത് ഗവർണർക്ക് കൈമാറും.

അതേസമയം, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി ഇനിയും വൈകും. താനുള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിൽ കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന ആവശ്യമാണ് സച്ചിൻ ഇപ്പോൾ ഉയർത്തിയത്.

 

More Stories

Trending News