close

News WrapGet Handpicked Stories from our editors directly to your mailbox

കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ല, സഭ വിളിച്ചുകൂട്ടണം: പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ

മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ നേത്രുത്വതിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. 

Updated: May 20, 2019, 04:55 PM IST
കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ല, സഭ വിളിച്ചുകൂട്ടണം: പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ

മധ്യപ്രദേശ്: മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ നേത്രുത്വതിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. 

പ്രത്യേക നിയമസഭ വിളിക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്ത് നല്‍കി. വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിരിയ്ക്കുകയാണ്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. 

താന്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പക്ഷേ ഇതാണ് "ആ സമയ"മെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കമല്‍നാഥ് സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കമാണ് ബിജെപി നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നത്. എല്ലാ ദേശീയ മാധ്യമങ്ങളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. 

ആകെ 231 സീറ്റുകളുള്ള മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 113 സീറ്റുകൾ നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കൂടാതെ ബിഎസ്‍പി 2, എസ്‍പി 1, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് ഭരണപക്ഷമായ കോൺഗ്രസിന്‍റെ പിന്തുണ. പ്രതിപക്ഷമായ എൻഡിഎ സഖ്യത്തിന് ഇവിടെ 109 സീറ്റുകളാണുള്ളത്. ഏഴംഗങ്ങളുടെകൂടി പിന്തുണയുണ്ടെങ്കില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.

മധ്യപ്രദേശിൽ ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. 

ബിജെപിയെ സംബന്ധിച്ചിടത്തോളം കര്‍ണാടകയില്‍ ഏറ്റ തിരിച്ചടി മധ്യപ്രദേശിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. വളരെ കുറഞ്ഞ സംഖ്യയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. പിന്തുണയ്ക്കാന്‍ മറ്റ് കക്ഷികളെ ഒപ്പം നിര്‍ത്താന്‍ സാധിച്ചില്ല. 

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് നേരത്തെ തന്നെ ബിജെപി അവകാശപ്പെട്ടിരുന്നു. എത്രയും വേഗം നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. കുതിരക്കച്ചവടമല്ല ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോഴും ഭരണപക്ഷത്ത് നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷത്തിന്‍റെ പദ്ധതി.