പരീക്കറുടെ മകന് സീറ്റ് നിഷ്ധിച്ച് ബിജെപി

മണ്ഡലത്തിലെ മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

Last Updated : Apr 29, 2019, 11:29 AM IST
പരീക്കറുടെ മകന് സീറ്റ് നിഷ്ധിച്ച് ബിജെപി

പനാജി: അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ബിജെപി സീറ്റ് നിഷേധിച്ചു. പരീക്കറുടെ മരണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന പനാജി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലാണ് പരീക്കരുടെ മകന്‍ ഉത്പലിന് സീറ്റ് നിഷേധിച്ചത്.

മണ്ഡലത്തിലെ മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ക്കറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. 2015ലെ ഉപ തിരഞ്ഞെടുപ്പിലും 2017 ലെ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നിന്നും സിദ്ധാര്‍ത്ഥ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തിരിച്ചെത്തിയപ്പോള്‍ മത്സരിക്കാനായി സിദ്ധാര്‍ത്ഥ് സീറ്റ് രാജിവെക്കുകയായിരുന്നു. മാത്രമല്ല അണികള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥിന് നല്ല സ്വാധീനമാണുള്ളത്‌. 

മെയ് 19ന് ആണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പരീക്കറുടെ മകന് സീറ്റു നല്‍കണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളും ഉണ്ടായി. 

എന്തായാലും എല്ലാ തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.  

Trending News