ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി-ജെജെപി സര്‍ക്കാര്‍ 5 വര്‍ഷം തികയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡ.
ജെജെപിയുടെ ട്രാക്ക് റെക്കോര്‍ഡ് അതാണ് വ്യക്തമാക്കുന്നതെന്നും, സര്‍ക്കാര്‍ കാലം തികയ്ക്കണമെന്നും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നുമാണ് തന്റെ ആഗ്രഹമെങ്കിലും ഇരുപാര്‍ട്ടികളുടെയും ചരിത്രം പഠിക്കുമ്പോള്‍ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.
പാര്‍ട്ടി രൂപീകരിച്ച് പത്ത് മാസത്തിനകം മൂന്നു സഖ്യത്തിലേര്‍പ്പെട്ടു കഴിഞ്ഞു ജെജെപി. ആദ്യം ആംആദ്മി, പീന്നീട് ബിഎസ്പി, ഒടുക്കം ബിജെപിയുമായി, ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.
തന്നോട് ജയിലില്‍ പോവാന്‍ കാത്തിരിക്കാന്‍ പറഞ്ഞ ജെജെപി നേതാവ് ദിഗ്വിജയ് ചൗതാലയോടും ഹൂഡ പ്രതികരിച്ചു. താന്‍ രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നുവെന്നും ബിജെപിയുമായി ചേര്‍ന്നതില്‍ ജെജെപി അണികള്‍ക്കുള്ള രോഷം പുറത്തറിയായതിരിക്കാനാണ് തന്നോടുള്ള ഇത്തരം പ്രസ്താവനകള്‍ എന്നും ഹൂഡ പറഞ്ഞു.
90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബിജെപി നേടിയത്. ജെജെപി 10 സീറ്റും നേടിയിരുന്നു. ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബിജെപിയും ജെജെപിയും സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.