സുഷമ സ്വരാജ് വിടവാങ്ങി; സംസ്കാര ചടങ്ങുകള്‍ വൈകിട്ട്

ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്‍റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു. 

Last Updated : Aug 7, 2019, 08:17 AM IST
സുഷമ സ്വരാജ് വിടവാങ്ങി; സംസ്കാര ചടങ്ങുകള്‍ വൈകിട്ട്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്‍റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.

1953 ൽ ഹരിയാനയിലെ പാൽവാൽ എന്ന സ്ഥലത്താണ് ജനനം. പിതാവ് ഹർദേവ് ശർമ്മ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകനായിരുന്നു. 1970 ൽ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലെത്തുന്നത്. 

അറിയപ്പെടുന്ന പ്രാസംഗികയായ സുഷമ ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി എന്ന ബഹുമതിയ്ക്ക് അർഹയാണ്. മാത്രമല്ല ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും സുഷമ സ്വരാജാണ്.

2014-ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മത്സരിച്ചിരുന്നില്ല. നേരത്തെ വാജ്പേയി സര്‍ക്കാരിലും മന്ത്രി ആയിരുന്നിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്. 

ഏഴ് തവണ ലോക്സഭാംഗമായ സുഷമ 25 മത്തെ വയസിലാണ് ഹരിയാന നിയമസഭയിൽ ദേവിലാലിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പാകിസ്ഥാനിൽ നിന്നുള്ളവർക്ക് പോലും ചികിത്സയ്ക്കായി വിസ ലഭ്യമാക്കിയ സുഷമ കാരുണ്യത്തിന്‍റെ ആൾരൂപം തന്നെയായിരുന്നു.

ഇന്ത്യയുടെ ദിവ്യാംഗയായ മകൾ ഗീതയെ ചേർത്തണച്ച സുഷമയുടെ അമ്മ മനസിനെയും ലോകം ആദരിച്ചു. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്.

രാജ്യസഭയിൽ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്.

Trending News