കസ്റ്റഡി മരണം: ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥ് അതിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും വ്യക്തമാക്കി. 

Last Updated : Apr 10, 2018, 10:27 AM IST
കസ്റ്റഡി മരണം: ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി  യോഗി ആദിത്യനാഥ്. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥ് അതിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും വ്യക്തമാക്കി. 

ലഖ്നൗ എഡിജിയുടെ നേതൃത്വത്തില്‍ യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. സുരേന്ദ്ര എന്ന പപ്പു സിംഗ് (50) ആണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സുരേന്ദ്രയെ ഉനാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച രാവിലെ മരിയ്ക്കുകയായിരുന്നു. 

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ സുരേന്ദ്രയുടെ മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയേയും സുരേന്ദ്രയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

എംഎല്‍എയുടെ നിര്‍ദേശപ്രകാരം തന്‍റെ പിതാവിനെ ജയിലില്‍ വച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍‍ ചെയ്തിട്ട് ഒരു വര്‍ഷം ആയിട്ടും പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവതി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. എംഎല്‍എയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചായിരുന്നു യുവതിയുടെയും കുടുംബത്തിന്‍റെയും സമരം. തുടര്‍ന്നാണ് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നത്. 

Trending News