തുല്യ സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കും -ശിവസേന!!

മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണിത്.

Last Updated : Sep 19, 2019, 06:26 PM IST
തുല്യ സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കും   -ശിവസേന!!

മുംബൈ: പകുതി സീറ്റെങ്കിലും മത്സരിക്കാന്‍ നല്‍കിയില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന.

മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന പ്രസ്താവനയുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് ദിവാകര്‍ റാവതെയാണ് രംഗത്തെത്തിയത്. 

ദിവാകര്‍ റാവതെയ്ക്ക് പിന്നാലെ ഇരുപാര്‍ട്ടികളും മുമ്പ് ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ ബിജെപി തയ്യാറാകണമെന്ന ആവശ്യവുമായി രാജ്യസഭാംഗം സഞ്ജയ് റാവത്തു൦ രംഗത്തെത്തിയിരുന്നു. 

മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണിത്.

സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിച്ചിട്ടില്ല. എന്നാല്‍ ദിവാകര്‍ റാവതെ പറഞ്ഞതില്‍ തെറ്റൊന്നുമില്ല- സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ബിജെപി കേന്ദ്രനേതൃത്വം മുന്‍കൈയെടുത്താണ് തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായതെങ്കിലും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതില്‍ അതൃപ്തി നിലനിന്നിരുന്നു. 

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റുവിഭജനത്തിലെ തര്‍ക്കം മൂലം സഖ്യമില്ലാതെ മത്സരിച്ച ഇരു പാര്‍ട്ടികളും പിന്നീട് സഖ്യം രൂപീകരിക്കുകയായിരുന്നു.

Trending News