ബിജെപി കളി തുടങ്ങി; പന്ത് ഇനി ഗവര്‍ണറുടെ കളത്തില്‍; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കവെ ബിജെപിയെ പിന്തുണച്ചു കൊണ്ട് ഗവര്‍ണറുടെ നടപടി. 

Updated: May 15, 2018, 05:33 PM IST
ബിജെപി കളി തുടങ്ങി; പന്ത് ഇനി ഗവര്‍ണറുടെ കളത്തില്‍; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ബെംഗളൂരു: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷിയായി കര്‍ണാടക. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കവെ ബിജെപിയെ പിന്തുണച്ചു കൊണ്ട് ഗവര്‍ണറുടെ നടപടി. 

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ച് എത്തിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചു. 

 

 

നേരത്തെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഗവര്‍ണര്‍ സന്ദര്‍ശന അനുമതി നല്‍കിയിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി എച്ച.ഡി കുമാരസ്വാമിയും ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും അഭ്യര്‍ത്ഥനയ്ക്ക് ചെവി നല്‍കാതെ ബിജെപിക്ക് ആദ്യ അവസരം നല്‍കാനുള്ള നീക്കമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 104 സീറ്റ് നേടി ബിജെപിഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ കേവല ഭൂരപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടി ഏറ്റു. അതേസമയം, 78 സീറ്റ് നേടിയ കോണ്‍ഗ്രസും 37 സീറ്റ് നേടിയ ജെഡിഎസും കൈകോര്‍ത്തു. ഇരുകക്ഷികളും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണാനുള്ള ശ്രമം നടത്തിയെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. 

കീഴ്വഴക്കമനുസരിച്ച് ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍ ഗോവയും മണിപ്പൂരിലും ഇത്തരം കീഴ്വഴക്കങ്ങള്‍ തെറ്റിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. അതേസമയം, കര്‍ണാടകയില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്.