ഭോപ്പാല്‍: ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഇന്ന് വിധിയെഴുതും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളായതിനാല്‍ രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങളിലേയ്ക്ക് ഉറ്റുനോക്കുന്നത്. മധ്യപ്രദേശില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കില്‍ ഛത്തീസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭ തിരഞ്ഞെടുപ്പുകളാണ് ഛത്തീസ്​ഗഡിലും മധ്യപ്രദേശിലും നടക്കുന്നത്. കോൺഗ്രസിന് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ജനപിന്തുണയും സംസ്ഥാന ബിജെപി തകർച്ചയിലാണെന്നതുമാണ് കോൺ​ഗ്രസിന് പ്രതീക്ഷ നൽകുന്നത്. സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളിൽ 75 സീറ്റുകളും നേടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.  


ALSO READ: രാജസ്ഥാൻ സങ്കൽപ് പത്ര പുറത്തിറക്കി ബിജെപി


സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ പ്രവേശനം ചില മേഖലകളിലെങ്കിലും ത്രികോണ മത്സരത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ട്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും രം​ഗത്തുണ്ട്. 


230 സീറ്റുകളുള്ള മധ്യപ്രദേശിൽ കോൺ​ഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷയിലാണ്. 2020-ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ സഹായത്തോടെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയാണ് ബിജെപി അധികാരത്തിലേറിയത്. എന്നാൽ ബിജെപി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണെന്നാണ് കോൺ​ഗ്രസിന്റെ അവകാശവാദം. 


അതേസമയം, 2004 മുതൽ സംസ്ഥാനത്ത് ബിജെപി ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ശിവരാജ് സിം​ഗ് ചൗഹാൻ. എന്നാൽ, ഇത്തവണ ചൗഹാനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ചൗഹാനെ മാറ്റി നിർത്തിയാൽ ഒബിസി വോട്ട് ബാങ്കിൽ വലിയ ചോ‍ർച്ചയുണ്ടാകുമെന്ന് ബിജെപിയ്ക്ക് നന്നായി അറിയാം. അതിനാൽ പാ‍ർട്ടി സാഹസങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. 


ജ്യോതിരാദിത്യ മത്സരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തർ കളത്തിലിറങ്ങുന്നുണ്ട്. മധ്യപ്രദേശിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാ​ഗമാണിതെന്ന് റിപ്പോർട്ടുകളുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ഗ്വാളിയോർ, ചമ്പൽ, മഹാകോശൽ മേഖലകളിലാണ് ബിജെപി ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിൽ 72 എണ്ണവും ഈ പ്രദേശത്താണ്.  


ഈ റൗണ്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 3ന് ഛത്തീസ്​ഗഡിലെയും മധ്യപ്രദേശിലെയും വോട്ടെണ്ണൽ നടക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.