ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

എൻഡിഎ സർക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. 

Updated: May 14, 2019, 01:40 PM IST
ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: എൻഡിഎ സർക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. 

ജനങ്ങള്‍ വീണ്ടും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി എൻഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും, രാജ്നാഥ് സിംഗ് പറഞ്ഞു. 

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം ഒരു വിഷയമേ ആയിരുന്നില്ല. എല്ലാ വിഭാഗക്കാരുടേയും വികസനമായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം, ആ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അഴിമതി ഇല്ലാതാക്കാന്‍ നിരവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തു, രാജ്നാഥ് സിംഗ് പറഞ്ഞു.

ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം പ്രചാരണ വിഷയമാവാത്തത്. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെ വിജയമാണ് അത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തിൽ ഒളിച്ചുകളി പാടില്ല, ലോകത്തിലെ ഏറ്റവും ശക്തിയാജ്ജിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം രാജ്യ സുരക്ഷ സംബന്ധിച്ചും വലിയ കാര്യങ്ങള്‍ നടന്നു കഴിഞ്ഞു. നക്സല്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ മികച്ച പ്രവർത്തനമാണ് എൻഡിഎ സര്‍ക്കാര്‍ കാഴ്ചവച്ചത്, അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താന്‍ ഇതിനോടകം 110 റാലികളില്‍ പങ്കെടുത്തു. ആ അനുഭവം പറഞ്ഞു തരുന്നത്‌, 2014ൽ നേടിയതിലും കൂടുതല്‍ സീറ്റ് ബിജെപി നേടുമെന്നാണ്. അതായത് ബിജെപിയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും. മോദിയുടെ പേര് ജനങ്ങള്‍ക്ക്‌ വിശ്വാസത്തിന്‍റെ പര്യായമായി മാറിയിരിയ്ക്കുകയാണ്. ആളുകളുടെ മുഖത്ത് സന്തുഷ്ടി കാണുവാന്‍ സാധിച്ചു, മോദിക്ക്, ഒരു പ്രധാനമന്ത്രി എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരവസരംകൂടി നൽകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. പ്രതിപക്ഷത്തുനിന്നും ഒരു പ്രധാനമന്ത്രിയെ ചൂണ്ടിക്കാട്ടുവാന്‍ സാധിക്കുമോ? അദ്ദേഹം ചോദിച്ചു