ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീംകോടതി

കുട്ടികളെ മരണത്തിലേക്ക് തള്ളിയിടുന്ന ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്നമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഗെയിമിന്‍റെ അപകടങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്ന പരിപാടികള്‍ ദൂരദര്‍ശനും സ്വകാര്യ ചാനലുകളും സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 

Updated: Oct 27, 2017, 01:15 PM IST
ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്നമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളെ മരണത്തിലേക്ക് തള്ളിയിടുന്ന ബ്ലൂവെയില്‍ ഗെയിം ദേശീയ പ്രശ്നമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഗെയിമിന്‍റെ അപകടങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്ന പരിപാടികള്‍ ദൂരദര്‍ശനും സ്വകാര്യ ചാനലുകളും സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 

ബ്ലൂവെയില്‍ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 

ഗെയിമിന്‍റെ അപകടങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ കമ്മിറ്റിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

ചെന്നൈ സ്വദേശിയായ എന്‍.എസ് പൊന്നയ്യ എന്ന അഭിഭാഷകനാണ് കൊലയാളി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബ്ലൂവെയില്‍ ഗെയിമിന് സമാനമായ മറ്റ് ഗെയിമുകളും നിരോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. അപകടകരമായ ഈ ഗെയിമിലൂടെ നൂറിലധികം കുട്ടികള്‍ മരിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. 

സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികളേയും കൗമാരക്കാരേയും 50 ദിവസത്തെ ടാസ്ക്കുകളിലൂടെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇന്‍റര്‍നെറ്റ് ഗെയിമാണ് ബ്ലൂവെയില്‍. സ്വയം പീഡനമാണ് ആദ്യ ഘട്ടങ്ങളില്‍ ഉണ്ടാവുക. പിന്നീട് ഘട്ടങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയും അവസാനം, അത് ആത്മഹത്യലേക്ക് എത്തുകയുമാണ് രീതി.