വേറിട്ട പ്രതിഷേധം; ഉള്ളിയും വെളുത്തുള്ളിയും കോര്‍ത്തൊരു മാല കൈമാറി വധുവരന്മാര്‍

കുതിച്ചുയരുന്ന ഉള്ളിവിലയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് ഈ മാല ചാര്‍ത്തലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വധൂവരന്മാര്‍ പറഞ്ഞു.   

Last Updated : Dec 14, 2019, 12:18 PM IST
വേറിട്ട പ്രതിഷേധം; ഉള്ളിയും വെളുത്തുള്ളിയും കോര്‍ത്തൊരു മാല കൈമാറി വധുവരന്മാര്‍

വാരണാസി: ഉള്ളിവില ദിനംപ്രതി കുതിച്ചുകയറുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വധൂവരന്മാര്‍ രംഗത്ത്. 

വിവാഹത്തിന് ഇഷ്ടപ്പെട്ട പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഹാരം പരസ്പരം അണിയിക്കുന്നതിനു പകരം ഉള്ളിയുടെ വിലയിലുള്ള വര്‍ധനവില്‍ പ്രതിഷേധിച്ച് സവാളയും വെളുത്തുള്ളിയും കൊണ്ട് അലങ്കരിച്ച മാലയാണ് ഇരുവരും അണിയിച്ചത്. 

കുതിച്ചുയരുന്ന ഉള്ളിവിലയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് ഈ മാല ചാര്‍ത്തലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വധൂവരന്മാര്‍ പറഞ്ഞു. 

കൂടാതെ നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയ അതിഥികള്‍ സമ്മാനമായി നല്കിയതും ഉള്ളിയാണ്.  

ഉള്ളിവില കുതിച്ച് ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന ഈ അവസരത്തില്‍ ഉള്ളിയെ സ്വര്‍ണ്ണത്തെ കാണുമ്പോലെയാണ് ജനങ്ങള്‍ കാണുന്നതെന്നും അതുകൊണ്ടാണ് ഈ വിവാഹത്തിന് വധൂവരന്മാര്‍ സവാളയും വെളുത്തുള്ളിയും കോര്‍ത്ത മാല അണിഞ്ഞതെന്നും സമാജ് വാദി പാര്‍ട്ടി നേതാവായ കമല്‍ പട്ടേല്‍ പറഞ്ഞു. 

ഇപ്പോള്‍ ഉള്ളിയുടെ വില കിലോയ്ക്ക് 120 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു നേതാവായ സത്യ പ്രകാശ്‌ പറഞ്ഞത് ഉള്ളിയുടെ വിലകയറ്റത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനൊരു തീരുമാനം വധുവരന്മാര്‍ എടുത്തത് എന്നാണ്.

ഉള്ളി വിലയില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി നിരവധി പ്രക്ഷോഭങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടത്തിയിരുന്നു.

Trending News