close

News WrapGet Handpicked Stories from our editors directly to your mailbox

ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരൂ... കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

Sheeba George | Updated: Oct 13, 2019, 03:10 PM IST
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരൂ... കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

മുംബൈ: തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ജമ്മു-കശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കികൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. അവര്‍ക്ക് അതിന് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വെല്ലുവിളി. 

ജമ്മു-കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ മുഖ്യ പരാമര്‍ശ വിഷയം. നിങ്ങളുടെ ആഗ്രഹമനുസരിച്ച് ഓഗസ്റ്റ് 5ന് എൻ‌ഡി‌എ സർക്കാർ അഭൂതപൂർവമായ തീരുമാനമെടുത്തു. ആ വസ്തുതയെപ്പറ്റി ചിന്തിക്കാന്‍പോലും മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിരുന്നില്ല, അദ്ദേഹം പറഞ്ഞു. 
 
പുരോഗതിയ്ക്കുള്ള സാധ്യതകള്‍ ജമ്മു-കശ്മീരില്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു. ജമ്മു-കശ്മീരും ലഡാക്കും വെറും ഒരു തുണ്ട് ഭൂമി മാത്രമല്ല, അത് ഭാരത് മാതയുടെ ശിരസ്സാണ്. അവിടുത്തെ ഓരോ കണികകളും ഇന്ത്യയുടെ ശക്തിയെ കൂടുതല്‍ ബലപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു.
 
ഇത് നമ്മുടെ ദൗര്‍ഭാഗ്യമാണ്. രാജ്യ താത്പര്യത്തിനായി കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസ്-എൻസിപി നേതാക്കളുടെ പ്രസ്താവനകൾ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. രാജ്യം മുഴുവൻ  ജമ്മു-കശ്മീരിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് വിപരീതമാണ് ഇവരുടെ ചിന്താഗതി, പ്രധാനമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയും ഇന്ന് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്നും റാലികളില്‍ പങ്കെടുക്കും. ജാല്‍ഗണിലും സാകോണിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ നടക്കുക. ധാരാവി, വിദര്‍ഭ, ലാത്തുര്‍ എന്നിവിടങ്ങളിലാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. 

സംസ്ഥാനത്ത് ബിജെപി 150 സീറ്റിലും സഖ്യകക്ഷിയായ ശിവസേന 124 സീറ്റിലുമാണ് മത്സരിക്കുന്നത്.
ബിജെപിയിലെ മറ്റ് സഖ്യക്ഷികള്‍ 14 സീറ്റില്‍ മത്സരിക്കും.

ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കു൦.