ഡല്‍ഹി കലാപ൦: ജവാന് 10 ലക്ഷം, വിവാഹ സമ്മാനമായി BSFന്‍റെ വക വീട്!!

 കൂടാതെ, വിവാഹ തയാറെടുപ്പുകള്‍ നടത്താനും കുടുംബത്തിനൊപ്പം ചിലവഴിക്കാനുമായി 29കാരനായ അനീസിന് ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം നല്‍കാനും BSF തീരുമാനിച്ചിട്ടുണ്ട്. 

Last Updated : Mar 2, 2020, 07:09 PM IST
ഡല്‍ഹി കലാപ൦: ജവാന് 10 ലക്ഷം, വിവാഹ സമ്മാനമായി BSFന്‍റെ വക വീട്!!

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വീട് നഷ്ടപ്പെട്ട ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി‌എസ്‌എഫ്) കോൺസ്റ്റബിൾ മുഹമ്മദ് അനീസിന് 10 ലക്ഷം രൂപ ധനസഹായം. 

അടിയന്തിര ധനസഹായം എന്ന നിലയിലാണ് BSF ഇന്‍സ്പെക്ടര്‍ ജനറല്‍ ഡികെ ഉപധ്യായ് 10ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കലാപത്തില്‍ കത്തികരിഞ്ഞ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും BSF നേതൃത്വം നല്‍കുന്നുണ്ട്.  

ഡല്‍ഹിയിലെ BSF ആസ്ഥാനത്ത് വച്ചാണ് ചെക്ക് കൈമാറിയത്. തലസ്ഥാനത്തെ വടക്കുകിഴക്കൻ ജില്ലയിൽ ഉണ്ടായ അക്രമത്തിൽ 40ലധികം പേർക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

“ഇവിടെ സ്ഥിതി ഭയാനകമാണ്, എല്ലാം ശരിയാകും. എല്ലാ മേലുദ്യോഗസ്ഥരും സഹായവുമായി ഒപ്പമുണ്ട്. ബി‌എസ്‌എഫിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്.” - വാർത്താ ഏജൻസിയായ ANI യോട് അനീസ് പറഞ്ഞു.

ഒഡീഷയില്‍ നിയമിതനായ അനീസിന്‍റെ ബന്ധുക്കൾ വടക്കുകിഴക്കൻ ഡല്‍ഹിയിലെ ഖജുരി ഖാസ് പ്രദേശത്തായിരുന്നു താമസം. ഇവിടെ ജനിച്ചു വളര്‍ന്ന തനിക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നും ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും പറഞ്ഞ അനസ് എല്ലാവരും സമാധാനപരമായി തുടരുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.  

അനീസിന്‍റെയും ബന്ധുക്കളില്‍ ഒരാളായ യുവാവിന്‍റെയും വിവാഹം മെയ് മാസത്തില്‍ നടക്കാനിരിക്കെയാണ് കലാപമുണ്ടാകുന്നത്. വിവാഹത്തിനായി കരുതി വച്ചിരുന്ന സമ്പാദ്യവും സ്വർണവുമെല്ലാം വീടിനൊപ്പം കത്തി നശിച്ചിരുന്നു. 

അനീസിന്‍റെ കത്തികരിഞ്ഞ വീട് പുനര്‍നിര്‍മ്മിച്ച് വിവാഹ സമ്മാനമായി നല്‍കാനാണ് BSFന്‍റെ തീരുമാനം. കൂടാതെ, വിവാഹ തയാറെടുപ്പുകള്‍ നടത്താനും കുടുംബത്തിനൊപ്പം ചിലവഴിക്കാനുമായി 29കാരനായ അനീസിന് ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം നല്‍കാനും BSF തീരുമാനിച്ചിട്ടുണ്ട്.  

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് അനീസിന് ഞായറാഴ്ച അടിയന്തിര ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ചത്. നിലവില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള രാധബാരിയിലെ ബി‌എസ്‌എഫ് ക്യാമ്പിലാണ് അനീസ്‌. 

ബി‌എസ്‌എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) പുഷ്പേന്ദ്ര റാത്തോഡ് ശനിയാഴ്ച അനീസിന്റെ മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചിരുന്നു. 

More Stories

Trending News