ബുള്‍ബുള്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിലും ഒഡിഷയിലും 3 മരണം

പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്.  

Last Updated : Nov 10, 2019, 03:15 PM IST
ബുള്‍ബുള്‍ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിലും ഒഡിഷയിലും 3 മരണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത നാശം വിതച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ്.  

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇരു സംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളിൽ വൻ നാശനഷ്ടമുണ്ടാക്കി. ആയിരക്കണക്കിന് വീടുകൾക്കും നൂറുകണക്കിന് ഫോൺ ടവറുകൾക്കും ഇലക്ട്രിക്‌ പോസ്റ്റുകള്‍ക്കും നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക വിവരം അനുസരിച്ച് ഇരു സംസ്ഥാനങ്ങളിലുമായി ഇതിനോടകം 3 പേര്‍ മരണപ്പെട്ടു.

കാലാവസ്ഥാ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ ബംഗ്ലാദേശിന്‍റെ തീരങ്ങളിലേക്ക് നീങ്ങുകയാണ്. ബംഗ്ലാദേശിൽ കനത്ത ജാഗ്രത നിര്‍ദ്ദേശം ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. 

കഴിഞ്ഞ അർധരാത്രിയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് കര തൊട്ടത്. സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാരക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. 115 കിലോമീറ്ററോളം വേഗതയിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റ് കര തൊട്ട പ്രദേശങ്ങളിൽ നൂറ് കണക്കിന് മരങ്ങൾ കടപുഴകി വീണു. മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിക്കപ്പെട്ടതായും നിരവധി വീടുകൾ തകർന്നു വീണതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പശ്ചിമ ബംഗാളില്‍ ഇതിനോടകം ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലും സൗത്ത് 24 പർഗാനകളിലുമാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഹൗറ , ഹൂഗ്ലി, മുഷിദാബാജി ജില്ലകളിൽ കനത്തമഴ തുടരും. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ബുൾബുൾ ചുഴലിക്കാറ്റിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താനായി മുഖ്യമന്ത്രി കൺട്രോൾ റൂം സന്ദര്‍ശിക്കുകയുണ്ടായി.

അതേസമയം, ബംഗ്ലാദേശിലേക്ക് ബുള്‍ബുള്‍ ചുഴലിക്കാറ്റ് നീങ്ങുംതോറും ശക്തി കുറഞ്ഞു വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 

പശ്ചിമ ബംഗാള്‍, ഒഡിഷ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരു സംസ്ഥാനങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുകയുണ്ടായി. 

Trending News