കടം തീര്‍ക്കാന്‍ മുട്ട മോഷണം; വ്യവസായി അറസ്റ്റില്‍

ഓരോ ട്രേയിലും 30 മുട്ടകൾ എന്ന രീതിയില്‍ 4,700 ട്രേകളിലായാണ് മുട്ട സൂക്ഷിച്ചിരുന്നത്. 

Last Updated : Nov 23, 2018, 10:51 AM IST
കടം തീര്‍ക്കാന്‍ മുട്ട മോഷണം; വ്യവസായി അറസ്റ്റില്‍

താനെ: ഉടമയും മകനെയും ആക്രമിച്ച് മുട്ട നിറച്ച വണ്ടിയുമായി മുങ്ങിയ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നവംബർ 18 നാണ് നാല് പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലെ താനെയിലേക്ക് പോകുകയായിരുന്ന വണ്ടിയാണ് ഇവര്‍ കടത്തിയത്. 

ഉടമയെയും മകനെയും ആക്രമിച്ച ഇവര്‍ അഞ്ച് ലക്ഷം രൂപയുടെ 1,41,000 മുട്ടകളടങ്ങിയ വണ്ടി കടത്തുകയായിരുന്നു. ഓരോ ട്രേയിലും 30 മുട്ടകൾ എന്ന രീതിയില്‍ 4,700 ട്രേകളിലായാണ് മുട്ട സൂക്ഷിച്ചിരുന്നത്. 

സംഭവം നടന്ന ദിവസം മുട്ട കച്ചവടക്കാരനായ മുഹമ്മദ് നബി ഷെയ്ഖും മകൻ മുസ്സമ്മിലും താനെയിലെ അമ്പർനാഥിലെ മൊത്തക്കച്ചവടക്കാരന് മുട്ടയെത്തിക്കുന്നതിനായി പോകുകയായിരുന്നു. 

അമ്പര്‍നാഥ്-ബദൽപൂർ റോഡിലെ ഗ്രീൻ സിറ്റി ടി സർക്കിളിൽ എത്തിയപ്പോൾ ഒരു സംഘം ആളുകൾ വാഹനം തടയുകയും ഷെയ്ഖിനെയും മകനെയും ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷെയ്ഖ് നൽകിയ പരാതിയിൽ താനെ ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം നടത്തി. 

സംഭവം നടന്ന ദിവസം അമ്പർനാഥിലെ മാർക്കറ്റിൽ സാദത്ത് എന്ന് പേരുള്ള ഒരാൾ ഹോൾസെയിൽ വിലയിൽ കച്ചവടക്കാർക്ക് മുട്ട വിറ്റതായി കടയുടമകൾ പൊലീസിനോട് പറഞ്ഞു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാദത്തിന്‍റെ ഭിവാന്തി വാഡ റോഡിലെ ഗോഡൗണിൽ നിന്നും 1.16 ലക്ഷത്തോളം മുട്ടകൾ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. വ്യാപാരത്തിൽ ഉണ്ടായ വൻ കടബാധ്യത മൂലമാണ് മോഷണം നടത്തിയതെന്ന് അറസ്റ്റിലായ സാദത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

 

Trending News