ഗോ മൂത്രം കുടിച്ചു, ക്യാന്‍സര്‍ മാറി- ബിജെപി സ്ഥാനാര്‍ഥി

പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ചാണകം, ഗോ മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഔഷധമാണ് പഞ്ചഗവ്യ

Last Updated : Apr 23, 2019, 12:20 PM IST
 ഗോ മൂത്രം കുടിച്ചു, ക്യാന്‍സര്‍ മാറി- ബിജെപി സ്ഥാനാര്‍ഥി

ഭോപ്പാല്‍: ഗോ മൂത്ര൦ കുടിച്ചാണ് തന്‍റെ സ്തനാര്‍ബുദം മാറിയതെന്ന് ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ്. 

മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഗ്യാ. 

ഇന്ത്യയിലെ പശുക്കളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനു മറുപടിയായാണ് പ്രഗ്യാ ഇക്കാര്യം വ്യക്തമാക്കിയത്.

പല സ്ഥലങ്ങളിലും പശുക്കളെ പരിഗണിക്കുന്ന രീതി കാണുമ്പോള്‍ സങ്കടം അടക്കാന്‍ സാധിക്കാറില്ലെന്നും പശുവിനെ വളര്‍ത്തുന്നത് പുണ്യമാണെന്നുമായിരുന്നു പ്രഗ്യായുടെ പ്രതികരണം. 

പശുവും പശു ഉത്പന്നങ്ങളും എങ്ങനെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്നും പ്രഗ്യാ വിശദമാക്കി. ഗോ മൂത്രം കുടിക്കുന്നത് ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നു൦ പ്രഗ്യാ സിംഗ് വ്യക്തമാക്കി. 

2008ല്‍ നടന്ന മാലേഗാവ് സ്ഫോടനത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ പ്രഗ്യാ ക്യാന്‍സറിനെ അതിജീവിച്ച വ്യക്തി കൂടിയാണ്. പഞ്ചഗവ്യയും ഗോ മൂത്രവു൦ ഉപയോഗിച്ചത് കാരണമാണ് തന്‍റെ ക്യാന്‍സര്‍ വേഗം മാറിയതെന്നാണ് പ്രഗ്യാ പറയുന്നത്.

പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ചാണകം, ഗോ മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഔഷധമാണ് പഞ്ചഗവ്യ. ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിംഗ് പറഞ്ഞു. 

ഗോമാതാവിന്‍റെ പുറകുവശത്ത് നിന്ന് അതിന്‍റെ കഴുത്ത് വരെ തടവിക്കൊടുത്താല്‍ അതിന് സന്തോഷമാകുമെന്നും എല്ലാ ദിവസവും ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കനാകുമെന്നും പ്രഗ്യാ സിംഗ് പറയുന്നു. 

Trending News