വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ? അന്തിമ തീരുമാനം ഇന്ന്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.  

Last Updated : Mar 25, 2019, 08:48 AM IST
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ? അന്തിമ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. 

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ പ്രതികരണമാണ് രാഹുലില്‍ നിന്ന് ഉണ്ടായതെന്നാണ് സുചന.

അതേ സമയം രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തില്‍ ചര്‍ച്ചായാകാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് സമിതി യോഗവും ചേരും. ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന അഭിപ്രായം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. അതേ സമയം രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യം കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുകയാണ്. 

എന്നാല്‍, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിസി ചാക്കോ ഉള്‍പ്പടെയുള്ള നേതാക്കള്‍ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. ഇതിനിടെ, കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടില്ല.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രണ്ട് കാര്യങ്ങള്‍ക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുല്‍ അമേത്തിയെക്കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുമോ? അഥവാ മത്സരിക്കുമെങ്കില്‍ അത് എവിടെ വയനാടാണോ?

എന്നാല്‍ രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക പിസിസികള്‍ രാഹുല്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്തായാലും വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം എന്നാണ് പ്രതീക്ഷ. സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

Trending News