കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേയില്ല

കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേയില്ല. കശാപ്പ് നിയന്ത്രണത്തിനെതിരെ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നടപടി. 

Last Updated : Jun 15, 2017, 12:58 PM IST
കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേയില്ല

ന്യൂഡൽഹി: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേയില്ല. കശാപ്പ് നിയന്ത്രണത്തിനെതിരെ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നടപടി. 

ശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. വിഷയത്തില്‍ രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 11 ന് കേസ് വീണ്ടും പരിഗണിക്കും.

വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ കൂടെ അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്.  കന്നുകാലി കശാപ്പ്, വില്‍പ്പന നിയന്ത്രണത്തിനെതിരെ ജൂണ്‍ 7നാണ് അഭിഭാഷകനായ ഫഹീം ഖുറേഷി പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. 

ഹർജിയിൽ കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് തടയുന്ന പുതിയ ചട്ടം റദ്ദാക്കണമെന്നും സംസ്ഥാന മൃഗക്ഷേമബോർഡുകൾ പിരിച്ചുവിടണമെന്നും  ഉന്നയിച്ചിരുന്നു. വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങൾ നടക്കുകയാണ്. വിജ്ഞാപനത്തിനെതിരെ മേഘാലയ നിയമസഭയും കേരള നിയമസഭയും പ്രമേയം പാസാക്കിയിരുന്നു.  

Trending News