ബംഗളുരു: ഈമാസം 27 വരെ കാവേരിയില്‍നിന്ന് തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയില്‍ സര്‍‍വ്വകക്ഷി യോഗം ചേരും. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കുക ശ്രമകരമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി ഉത്തരവ് വന്നതോടെ കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ് കര്‍ഷകരും കന്നട സംഘടനകളും. ഇതിന്‍െറ ഭാഗമായി മാണ്ഡ്യയിലും മൈസൂരുവിലുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും മാണ്ഡ്യയിലും ജാഗ്രത തുടരുകയാണ്.ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് തമിഴ്നാടിന് കര്‍ണാടകം പ്രതിദിനം 6000 ക്യുസക്സ് വെള്ളം വിട്ടുനല്‍കണമെന്നാണ് സുപ്രീം കോടതി ഇന്നലെ കര്‍ണാടകത്തോട് നി‍ര്‍ദ്ദേശിച്ചത്.


മഴയില്ലാത്തത് കാരണം നിരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തമിഴ്നാടിന് വെള്ളം വിട്ടുനല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് അറിയിച്ചു.ഇന്ന് അടിയന്തരമന്ത്രിസഭയോഗവും സ‍ര്‍വ്വകക്ഷിയോഗവും ചേ‍‍ര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.


അതേസമയം, സുപ്രീംകോടതി നിര്‍ദേശം കനത്ത ആഘാതമാണെന്നും ഇത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി കാണിച്ച പിടിപുകേടാണ് സംസ്ഥാനത്തെ ഈ അവസ്ഥയില്‍കൊണ്ടത്തെിച്ചത്.


തമിഴ്നാടുമായി വെള്ളം പങ്കിടണമെന്ന ഉത്തരവില്‍ പ്രതിഷേധിച്ച്‌ ജെഡിഎസ് നേതാവ് പുട്ട രാജു മാണ്ഡ്യ എംപി സ്ഥാനം രാജിവച്ചു.സംഘര്‍‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും കാവേരി നദിതട ജില്ലകളിലും സുരക്ഷ കര്‍‍ശനമാക്കിയിട്ടുണ്ട്. 


മാണ്ഡ്യയിലെ ഒരു വിഭാഗം കര്‍ഷകര്‍ മണ്ണു തിന്നാണ് പ്രതിഷേധിച്ചത്. കോടതിവിധി അനുകൂലമാകാന്‍ പ്രത്യേക പൂജകളും നടന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് മൈസൂരു-ബംഗളൂരു പാതയില്‍ ഗതാഗത തടസ്സവും ഉണ്ടായി. കഴിഞ്ഞ ആഴ്ച സംഘര്‍‍ഷമുണ്ടായ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.


ആക്രമണമുണ്ടായേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും കേരള ആര്‍ടിസി ബസുകള്‍ സ‍ര്‍വ്വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു.