സിബിഐ ദൈവമല്ല!!

സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും സിബിഐയെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി!!

Last Updated : Sep 29, 2019, 11:45 AM IST
സിബിഐ ദൈവമല്ല!!

ന്യൂഡല്‍ഹി: സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും സിബിഐയെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി!!

പൊലീസില്‍ നിന്ന് സിബിഐക്ക് അന്വേഷണകേസ് കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ എന്‍. വി. രമണ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

സിബിഐ ദൈവമല്ല. അവര്‍ക്ക് എല്ലാം സാധിക്കണമെന്നില്ല. ഹൈക്കോടതിയുടെ ഉത്തരവിനോട് യോജിക്കാന്‍ കഴിയില്ല, എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 

ഒരു വ്യക്തിയെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്‍റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏല്‍പിച്ചത്. 2017ലാണ് കേസ് സിബിഐക്ക് കൈമാറിയത്. കാണാതായ ആളുടെ സഹോദരന്‍റെ ആവശ്യപ്രകാരമായിരുന്നു കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

പരാതിക്കാരനായ ശ്യാംഭീര്‍ സിംഗാണ് തന്‍റെ സഹോദരന്‍ 2012 മുതല്‍ കാണാതായെന്ന പരാതി പല്‍വല്‍ പൊലീസില്‍ നല്‍കിയത്. പിതാവ് നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചിലരെ സന്ദര്‍ശിക്കാന്‍ പോയ തന്‍റെ സഹോദരന്‍ പിന്നീട് മടങ്ങിയെത്തിയില്ല എന്നായിരുന്നു പരാതി. ഹൈക്കോടതിയാണ് ഈ കേസ് പല്‍വല്‍ പൊലീസില്‍നിന്നും സിബിഐയ്ക്ക് കൈമാറിയത്. 

ഹൈക്കോടതിയുടെ ഉത്തരവിനെ സിബിഐ ചോദ്യ൦ ചെയ്തിരുന്നു. എന്തുകൊണ്ടാണ് പൊലീസിന് വേണ്ടവിധം കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് എന്നും കേസിന്‍റെ അന്വേഷണം പൊലീസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്നും ഒപ്പം, കേസന്വേഷണത്തിലുള്ള പരിമിതിയും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതെല്ലാം പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഇത്തരമൊരു വിമര്‍ശനം നടത്തിയത്.

 

 

Trending News