IndiGo: ഇൻഡിഗോ പ്രതിസന്ധിയിൽ നടപടി എടുത്ത് കേന്ദ്ര സർക്കാർ; 5% സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

രാജ്യത്തെ വിമാനത്താവളങ്ങളിൽ ഉടനീളം ഉണ്ടായ യാത്രാദുരിതത്തെത്തുടർന്ന് ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. 

Written by - Arathi N Aji | Last Updated : Dec 9, 2025, 02:53 PM IST
  • 403 വിമാനങ്ങൾ വേണ്ടിടത്ത് 340 വിമാനങ്ങൾ മാത്രമാണ് സർവീസിനുണ്ടായിരുന്നത്.
  • ഉയർന്ന തിരക്കുള്ള റൂട്ടുകളിലെ സർവീസുകൾ കാര്യക്ഷമമായി നടത്താൻ ഇൻഡിഗോയ്ക്ക് സാധിക്കുന്നില്ലെന്ന് ഡിജിസിഎ വിലയിരുത്തി.
IndiGo: ഇൻഡിഗോ പ്രതിസന്ധിയിൽ നടപടി എടുത്ത് കേന്ദ്ര സർക്കാർ; 5% സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി

ഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഡിഗോയുടെ വിൻ്റർ ഷെഡ്യൂളിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) 5 ശതമാനം കുറവ് വരുത്തി. ഇതോടെ ഇൻഡിഗോയുടെ പ്രതിദിന സർവീസുകളിൽ ഏകദേശം 110 വിമാനങ്ങളുടെ കുറവുണ്ടാകും. നിലവിൽ പ്രതിദിനം 2,200 ആഭ്യന്തര, രാജ്യാന്തര സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. വെട്ടിക്കുറച്ച സർവീസുകൾ വഴിയുണ്ടാകുന്ന ഒഴിവുകൾ മറ്റ് വിമാനക്കമ്പനികൾക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.

Add Zee News as a Preferred Source

കഴിഞ്ഞ ആഴ്ചകളിൽ നൂറുകണക്കിന് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയതുമാണ് അടിയന്തര നടപടിക്ക് ഡിജിസിഎയെ പ്രേരിപ്പിച്ചത്. 2025 നവംബറിലെ കണക്കുകൾ പ്രകാരം 64,346 വിമാന സർവീസുകൾക്കാണ് അനുമതി നൽകിയിരുന്നത്. എന്നാൽ 59,438 സർവീസുകൾ മാത്രമാണ് നടത്തിയത്. നവംബറിൽ മാത്രം 951 വിമാനങ്ങൾ റദ്ദാക്കി. ഒക്ടോബർ, നവംബർ മാസങ്ങളിൽ വാഗ്ദാനം ചെയ്തത്ര വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ കമ്പനിക്ക് സാധിച്ചില്ല. 403 വിമാനങ്ങൾ വേണ്ടിടത്ത് 340 വിമാനങ്ങൾ മാത്രമാണ് സർവീസിനുണ്ടായിരുന്നത്. ഇക്കാരണങ്ങളാൽ, ഉയർന്ന തിരക്കുള്ള റൂട്ടുകളിലെ സർവീസുകൾ കാര്യക്ഷമമായി നടത്താൻ ഇൻഡിഗോയ്ക്ക് സാധിക്കുന്നില്ലെന്ന് ഡിജിസിഎ വിലയിരുത്തി.

കർശന മുന്നറിയിപ്പുമായി വ്യോമയാന മന്ത്രി

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ "ആഭ്യന്തര പ്രതിസന്ധി" ആണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. "യാത്രക്കാരുടെയും ജീവനക്കാരുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വീഴ്ച വരുത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകും," മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്താണ് പ്രതിസന്ധിക്ക് കാരണം?

പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കുന്ന ഈ ചട്ടങ്ങൾ നടപ്പിലായതോടെ കൂടുതൽ പൈലറ്റുമാരെ നിയമിക്കേണ്ടി വന്നു. എന്നാൽ ഇതിനാവശ്യമായ ജീവനക്കാരെ കണ്ടെത്താൻ ഇൻഡിഗോയ്ക്ക് സാധിക്കാതെ വന്നതോടെയാണ് സർവീസുകൾ താളം തെറ്റിയത്. ഇത് വിവാഹയാത്രകളെയടക്കം ബാധിക്കുകയും യാത്രക്കാർക്ക് വലിയ ദുരിതം സമ്മാനിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News