6 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാന്‍ നീക്കം

രാജ്യത്തെ 6 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

Sheeba George | Updated: Dec 2, 2019, 04:55 PM IST
6 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ 6 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തെ 6 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചിരുന്നു. ഇതിന്‍റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് 6 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.

ഇതുസംബന്ധിച്ചുള്ള ശുപാർശ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് നൽകി. തിരുച്ചിറപ്പള്ളി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്‌പൂര്‍ വിമാനത്താവളങ്ങളാണ് രണ്ടാം ഘട്ടത്തില്‍  സ്വകാര്യവൽക്കരിക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള 6 വിമാനത്താവളങ്ങള്‍ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാംഘട്ടമെന്ന നിലയിൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്‌പൂര്‍, ലഖ്നൗ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളെയാണ് പൊതു-സ്വകാര്യ പങ്കാളിത്തിലാക്കാന്‍ ‍(പിപിപി) കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തിരുവനന്തപുരം ഉൾപ്പെടെയുള്ള 6 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാന്‍ തീരുമാനിച്ചത്. 

'സെപ്റ്റംബർ 5ന് ചേർന്ന എഎഐയുടെ ബോർഡ് മീറ്റി൦ഗില്‍ 6 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദേശങ്ങൾ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറി', ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ആദ്യഘട്ട സ്വകാര്യവൽക്കരണം കൈവശപ്പെടുത്തിയത് അദാനി ഗ്രൂപ്പ് ആണ്. എന്നാല്‍, ആദ്യഘട്ട സ്വകാര്യവൽക്കരണത്തിന്‍റെ സർക്കാർ തീരുമാനം പുറത്തുവന്നെങ്കിലും തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ ഇതുവരെ അദാനി ഗ്രൂപ്പിന് കൈമാറിയിട്ടില്ല. 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെതിരെ നേരത്തെ പ്രതിഷേധം രൂക്ഷമായിരുന്നു. വിമാനത്താവള നടത്തിപ്പ് കേരളത്തിനു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തു നൽകിയിരുന്നു.