close

News WrapGet Handpicked Stories from our editors directly to your mailbox

മോദി 'ഭിന്നിപ്പിന്‍റെ തലവന്‍', മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീറിന് കേന്ദ്രത്തിന്‍റെ നോട്ടിസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ഭിന്നിപ്പിന്‍റെ തലവന്‍', എന്നു വിശേഷിപ്പിച്ച്‌ ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന് നോട്ടിസയച്ച് കേന്ദ്ര സര്‍ക്കാര്‍.

Sheeba George | Updated: Nov 8, 2019, 05:54 PM IST
മോദി 'ഭിന്നിപ്പിന്‍റെ തലവന്‍', മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീറിന് കേന്ദ്രത്തിന്‍റെ നോട്ടിസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ഭിന്നിപ്പിന്‍റെ തലവന്‍', എന്നു വിശേഷിപ്പിച്ച്‌ ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന് നോട്ടിസയച്ച് കേന്ദ്ര സര്‍ക്കാര്‍.

ആതിഷിന്‍റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിതാവ് പാക്കിസ്ഥാനിയാണെന്ന കാര്യം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒസിഐ കാര്‍ഡ് കൈവശം വെക്കാന്‍ അതിഷ് യോഗ്യനല്ലെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. 

ന്യൂയോര്‍ക്കിലാണ് ആതിഷ് താമസിക്കുന്നത്. വിദേശത്തുള്ളവര്‍ക്ക് നിരവധി തവണ ഇന്ത്യയില്‍ വരാനും എത്ര കാലവും രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്. 
എന്നാല്‍ 1955ലെ സിറ്റിസണ്‍ഷിപ് ആക്‌ട് പ്രകാരം മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ പാക്കിസ്ഥാന്‍ പൗരന്‍മാരായിട്ടുള്ളവര്‍ക്ക് ഒസിഐ കാര്‍ഡ് അനുവദിക്കില്ല. ഇതനുസരിച്ച്‌ അതിഷിന് ഇനിമുതല്‍ ഇന്ത്യയില്‍ പ്രവേശിക്കാനാവില്ല.

അതേസമയം, നോട്ടിസിന് മറുപടി നല്‍കുന്നതില്‍ ആതിഷ് പരാജയപ്പെട്ടെന്നും അതിനാലാണ് ഒസിഐ കാര്‍ഡ് റദ്ദാക്കുന്നതെന്നും  വക്താവ് ചൂണ്ടിക്കാട്ടി. മറുപടി 21 ദിവസത്തെ സമയം നല്‍കിയിരുന്നുവെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. എന്നാല്‍ ഈ വിവരം അതിഷ് നിഷേധിച്ചു. 24 മണിക്കൂര്‍ ആണ് മറുപടി നല്‍കാന്‍ കേന്ദ്രം തനിക്ക് അനുവദിച്ചതെന്ന് അദ്ദേഹം ട്വിറ്ററില്‍ വിശദീകരിച്ചു.

2019 മെയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയിലാണ് പ്രധാനമന്ത്രിയെ 'ഭിന്നിപ്പിന്‍റെ തലവന്‍', എന്ന്  അഭിസംബോധന ചെയ്തത്. മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ആതിഷ് ലേഖനമെഴുതിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ലേഖനത്തിന്‍റെ ഉള്ളടക്കം. ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രജ്ഞ്യാസിംഗ് താക്കൂറിന്‍റെ  സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്‍റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. 

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നായിരുന്നു തസീറിന്‍റെ ലേഖനത്തെ ബി.ജെ.പി വിമര്‍ശിച്ചത്. ആതിഷ് തസീറിന് നേരെ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണവുമുണ്ടായി. ആതിഷിന്‍റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്‍റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ട്വീറ്റര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടന്നത്. 

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സി൦ഗിന്‍റെയും പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റെയും മകനാണ് ആതിഷ് തസീര്‍. 

എന്നാല്‍ നിയമപരമായി സല്‍മാന്‍ ആതിഷിന്‍റെ രക്ഷിതാവ് ആയിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സല്‍മാന്‍ തവ്ലീനെ വിവാഹവും കഴിച്ചിരുന്നില്ല. യു.കെയില്‍വെച്ച്‌ തവ് ലീനെ കണ്ടുമുട്ടുമ്പോള്‍ സല്‍മാന്‍ ബ്രിട്ടീഷ് പൗരനായിരുന്നു. പിന്നീട് 2011ല്‍ സല്‍മാന്‍ പാക്കിസ്ഥാന്‍ പഞ്ചാബ് ഗവര്‍ണര്‍ ആയിരിക്കെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.