'ഹാർഡ് ലാൻഡിംഗ്', വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല: ഐഎസ്ആര്‍ഒ

പ്രതീക്ഷ കൈവിടാതെ ഐഎസ്ആര്‍ഒ!! 

Last Updated : Sep 9, 2019, 06:29 PM IST
'ഹാർഡ് ലാൻഡിംഗ്', വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല: ഐഎസ്ആര്‍ഒ

ബംഗളൂരു: പ്രതീക്ഷ കൈവിടാതെ ഐഎസ്ആര്‍ഒ!! 

വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ് എന്നും ഐഎസ്ആര്‍ഒയുടെ വക്താവ് പറഞ്ഞു. ഓര്‍ബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത് എന്നും ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. 

വിക്രം ലാന്‍ഡര്‍ അതേപോലെ തന്നെയാണുള്ളത്. അത് തകര്‍ന്നിട്ടില്ല. വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ പറയുന്നു. 

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിൽ നിന്ന് ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാൻ-2ലെ വിക്രം ലാൻഡറിന് സോഫ്റ്റ് ലാൻഡിംഗ് നടത്താനായില്ല.  

ഏത് വിധേനയും വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ലാന്‍ഡറിന്‍റെയും അതിനുള്ളിലുള്ള റോവറിന്‍റെയും ആയുസ്സ് 14 ദിവസമാണ്‌ എന്നതാണ് ശാസ്ത്രലോകത്തെ ആശങ്കയിലാക്കുന്നത്. 

വിക്രം ലാൻഡറിന്‍റെ ബാറ്ററിക്ക് 14 ദിവസത്തെ ആയുസാണുള്ളത്. ഐഎസ്ആര്‍ഒയ്ക്ക് ആശയവിനിമയം സ്ഥാപിക്കാൻ 12 ദിവസം കൂടി ബാക്കിയുണ്ട്. 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ 'നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ്‌ ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

 

 

Trending News