ഭരണ പരിഷ്ക്കാരങ്ങളുമായി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ഇന്ത്യയിലെ കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 

Last Updated : Oct 12, 2018, 04:59 PM IST
ഭരണ പരിഷ്ക്കാരങ്ങളുമായി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോടതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 

രാജ്യത്തെ വിവിധ കോടതികളിലായി കോടിക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. കൂടാതെ നീതികാത്ത് അത്രയും ആളുകള്‍ കോടതിയ്ക്ക് പുറത്തും. കേസുകള്‍ അവധിക്ക് മാറ്റിവെച്ചും ഇഷ്ടം പോലെ നീട്ടിവെച്ചും പാവപ്പെട്ട പൗരന്മാരെ വലയ്ക്കുന്ന പ്രവണത ഇനി നടക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

സുപ്രീം കോടതി ജഡ്ജിമാര്‍ മുതല്‍ മജിസ്‌ട്രേറ്റുമാര്‍വരെയുള്ളവര്‍ക്ക് അദ്ദേഹം നിയന്ത്രണം കൊണ്ടുവന്നു. അതനുസരിച്ച് കോടതി പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ജഡ്ജിമാര്‍ക്ക് അവധിയെടുക്കാന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും പ്രധാനം.  

കോടതി ദിവസങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കായും ഉദ്ഘാടനങ്ങള്‍ക്കായും സെമിനാറുകള്‍ക്കായും ഇനിമുതല്‍ അവധിയെടുക്കാന്‍ സാധിക്കില്ല. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിചാരണക്കോടതികളിലുമായി മൂന്നുകോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായാണ് ജഡ്ജിമാരുടെ അവധി നഷേധിച്ചുകൊണ്ടുള്ള ഈ നടപടി.

ജോലികള്‍ കൃത്യമായി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജുഡീഷ്യറിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കണമെന്നും അദ്ദേഹം തന്‍റെ  സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും മുതിര്‍ന്ന ന്യായാധിപന്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഈ നിര്‍ദ്ദേങ്ങള്‍ മുന്നോട്ടു വച്ചത്.

അഭിഭാഷകരെ പോലെ മികച്ച വേതനം ജഡ്ജിമാര്‍ക്കും വേണം. അല്ലങ്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെട്ടേക്കാം. ജുഡീഷറിയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണം. അല്ലങ്കില്‍ അത് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയില്‍ മാത്രം ഏതാണ്ട് 55,000 കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. രാജ്യത്തെ 24 ഹൈക്കോടതികളിലായി 32.4 ലക്ഷം കേസുകളും തീര്‍പ്പാകാതെ കിടക്കുന്നു. കീഴ്‌ക്കോടതികളില്‍ വിധികാത്തുകിടക്കുന്നത് 2.77 കോടി കേസുകളാണ്. ഇതു തീര്‍പ്പാക്കുന്നതിനുള്ള അടിയന്തര നടപടികളെന്തൊക്കെയെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയ് കൊളീജിയം അംഗങ്ങളോടും ഹൈക്കോടതികളിലെ മുതിര്‍ന്ന ജഡ്ജിമാരോടും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചോദിച്ചിരുന്നു. അതില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

 

Trending News