ആണ്‍കുട്ടിയെ വേണോ? സംഭാജി ഭിഡെയുടെ തോട്ടത്തിലെ മാങ്ങ കഴിക്കൂ...

ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് തന്‍റെ തോട്ടത്തിലെ മാങ്ങയെന്നും ആ മാങ്ങ കഴിച്ച നിരവധി സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. 

Last Updated : Jun 12, 2018, 05:05 PM IST
ആണ്‍കുട്ടിയെ വേണോ? സംഭാജി ഭിഡെയുടെ തോട്ടത്തിലെ മാങ്ങ കഴിക്കൂ...

മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് തന്‍റെ തോട്ടത്തിലെ മാങ്ങയെന്നും ആ മാങ്ങ കഴിച്ച നിരവധി സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. 

തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്‍റെ ഈ വിവാദ പരാമര്‍ശം. കൂടാതെ രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച്‌ സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു.

ശിവ് പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്‌എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് പങ്കുള്ളതായി വാര്‍ത്ത പുറത്തു വന്നിരുന്നു.

മഹാരാഷ്ട്രയിലെ കോലാപൂറില്‍ നിന്നുള്ള ഇദ്ദേഹം ഛത്രപതി ശിവാജിയുടെ തികഞ്ഞ അനുയായിയായാണ് സ്വയം വിശേഷിപ്പിക്കുന്നത്. കൂടാതെ യുവാക്കള്‍ക്ക് ശിവാജിയെ പിന്തുടരാനുള്ള പ്രചോദനവും ഇദ്ദേഹം നല്‍കുന്നു. 

സംഭാജി ഭിഡെ എന്നും ഒരു പ്രചോദനമായിരുന്നുവെന്ന് ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി.

85 കാരനായ ഈ തീവ്ര ഹിന്ദുത്വ പ്രവർത്തകൻ പൂനെ സർവ്വകലാശാലയില്‍നിന്നും ഉര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തരബിരുദം സ്വര്‍ണ്ണ മെഡലോടെ കരസ്ഥമാക്കിയ വ്യക്തിയാണ്. തന്‍റെ പ്രൊഫസര്‍ പദവി ഉപേക്ഷിച്ചാണ് അദ്ദേഹം മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിയത്. 1980ലാണ് അദ്ദേഹം ആര്‍എസ്എസ് ഉപേക്ഷിച്ച് ശിവ് പ്രതിഷ്ഠാന്‍ എന്ന സംഘടന സ്ഥാപിക്കുന്നത്. 

ഏറെ വിശേഷതകള്‍ ഉള്ള വ്യക്തിയാണ് സംഭാജി ഭിഡെ എന്ന് വേണമെങ്കില്‍ പറയാം. ലാളിത്യത്തിന്‍റെ പ്രതീകമാണ് അദ്ദേഹം. നഗ്നപാദനായി സഞ്ചരിക്കുന്ന അദ്ദേഹത്തിന് സ്വന്തമായി ഒരു വീടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും നേരിട്ട് ബന്ധമില്ലെങ്കില്‍ക്കൂടി നിരവധി വിവാദങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു എന്നത് മറ്റൊരു വസ്തുത.

 

Trending News