പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു

ആളൊഴിഞ്ഞ അഞ്ച് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.   

Last Updated : Dec 15, 2019, 08:53 AM IST
പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള പ്രക്ഷോഭം ബംഗാളിലും കനക്കുന്നു. 

ആളൊഴിഞ്ഞ അഞ്ച് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്‍റെ ഒരു ഭാഗത്തിനും പ്രക്ഷോഭകർ തീവെച്ചു. 

പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള പ്രതിഷേധം റെയില്‍വേ ട്രാക്കുകളിലേക്ക് കൂടി വ്യാപിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു മാത്രമല്ല റോഡുകളും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി.

പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. ട്രെയിനുകള്‍ മാത്രമല്ല മൂന്ന് സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെ പതിനഞ്ചു ബസുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. 

ഗുഹാവത്തിയിൽ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കർഫ്യു ഇളവ് ചെയ്തിട്ടുണ്ട്. 

കൂടാതെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഡിസംബർ 16 വരെ നിർത്തിവച്ചിരിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. അതേസമയം, അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ സി​ന്‍​ഹ പ്രതികരിച്ചു.

സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ ബിജെപിക്ക് താത്പര്യമില്ല. അക്രമം തുടര്‍ന്നാല്‍ മറ്റൊരു മാര്‍ഗമില്ലെന്നും സിന്‍ഹ പറഞ്ഞു.

Trending News