ഭരണഘടന ബിജെപി പ്രകടനപത്രികയേക്കാള്‍ വലുത്: ആനന്ദ് ശര്‍മ

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. 

Sheeba George | Updated: Dec 11, 2019, 04:05 PM IST
ഭരണഘടന ബിജെപി പ്രകടനപത്രികയേക്കാള്‍ വലുത്: ആനന്ദ് ശര്‍മ

ന്യൂ​ഡ​ല്‍​ഹി: ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. 

ബില്ലിനെതിരെ രാജ്യത്താകമാനം, പ്രത്യകിച്ച്, പശ്ചിമ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ബില്‍ രാജ്യ സഭയില്‍ അവതരിപ്പിച്ചത്. ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുകയാണ്. 

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ് പാര്‍ട്ടി രംഗത്തെത്തിയിരിയ്ക്കുകയാണ്. ബില്ലിനെ എതിര്‍ത്തു സഭയില്‍ ആദ്യം സംസാരിച്ചത് കോണ്‍ഗ്രസിന്‍റെ ആനന്ദ് ശര്‍മയാണ്. 

ബി​ല്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യ്ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ബി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ അ​ത് ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ബി.ആര്‍ അംബേദ്കറെ അവഹേളിക്കുന്നതാണ് ബില്ലെന്നു പറഞ്ഞ ശര്‍മ, ഭരണഘടന ബിജെപിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണെന്ന് ഓര്‍മിപ്പിച്ചു. തന്‍റെ ബില്‍ അവതരണ പ്രസംഗത്തില്‍, ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.

‘ബില്‍ ഇന്ത്യയുടെ ആത്മാവിനെ വേദനിപ്പിക്കുന്നത്. അതു ധാര്‍മിക പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു. എന്തിനാണ് പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കുന്നതില്‍ ഇത്ര ധൃതി കാണിക്കുന്നത്? അത് പാര്‍ലമെന്‍റററി കമ്മിറ്റിയ്ക്ക് വിടുകയാണ് വേണ്ടത്. നമ്മള്‍ സ്ഥാപക പിതാക്കന്മാരെ ചോദ്യം ചെയ്യുകയാണോ? അദ്ദേഹം ചോദിച്ചു.

2016ലെ ബില്ലും 2019ലെ ബില്ലും തമ്മില്‍ ഒട്ടേറെ വ്യത്യാസമുണ്ട്. ഈ ബില്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്. സര്‍ദാര്‍ പട്ടേല്‍ മോദിയെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം രോഷാകുലനായേനെ. ഗാന്ധിജി ദുഃഖിച്ചേനെ, അദ്ദേഹം പറഞ്ഞു.

കൂടാതെ, ദ്വിരാഷ്ട്ര സിദ്ധാന്തം വേണമെന്ന് ആവശ്യപ്പെട്ടത് ജിന്നയല്ല, സവര്‍ക്കറാണെന്നും അദ്ദേഹം പറഞ്ഞു. 1937ല്‍ ഗുജറാത്തില്‍ ഹിന്ദു മഹാസഭയാണ് അത് അവതരിപ്പിച്ചതെന്നും അദ്ദേഹം സഭയെ ഓര്‍മിപ്പിച്ചു.

അസമിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘അസമില്‍ എന്തുകൊണ്ടാണ് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നത്? എന്തുകൊണ്ടാണു ജനങ്ങള്‍ അവിടെ പ്രതിഷേധിക്കുന്നത്? ആഭ്യന്തരമന്ത്രി ഒരു പ്രതിനിധി സംഘത്തെ തടവുകേന്ദ്രത്തിലേക്ക് അയച്ച്, അവിടുത്തെ സാഹചര്യം കാണണം. 600 ആളുകളാണ് അവിടെ അഞ്ചു മുറികളിലായി കഴിയുന്നത്. ഇതു നമ്മളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു.’- അദ്ദേഹം പറഞ്ഞു.

വിഭജനത്തിനു ശേഷം ജനങ്ങള്‍ പാക്കിസ്ഥാന്‍റെ കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുനിന്നു വന്നിരുന്നോയെന്നും അവര്‍ക്ക് പൗരത്വം ലഭിച്ചിരുന്നോയെന്നും ചോദിച്ച ശര്‍മ, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സി൦ഗും ഐ.കെ ഗുജ്‌റാളും അവിടെനിന്നാണു വന്നതെന്നു ചൂണ്ടിക്കാട്ടി.