രാമനവമിയുടെ പേരില്‍ ബിജെപിയുടെ ആയുധറാലി; ഒരാള്‍ കൊല്ലപ്പെട്ടു

  

Last Updated : Mar 26, 2018, 11:30 AM IST
രാമനവമിയുടെ പേരില്‍ ബിജെപിയുടെ ആയുധറാലി; ഒരാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത:  പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകരുടെ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50 കാരനായ എസ് കെ സജഹാനാണ് ബംഗാളിലെ പുരുലിയ ജില്ലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  രാമനവമിയുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ ആയുധ റാലിക്കിടെയാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പോലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.  

മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷിന്‍റെ നേതൃത്വത്തില്‍ രാമനവമിയുടേ പേരില്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു. കൊല്‍ക്കത്തയിലും ന്യൂ ടൌണിലും കരാഗ്പുരീലും വാളും കത്തിയും ഉയര്‍ത്തികാട്ടി നടത്തിയ റാലി രാമരാജ്യത്തിനായുള്ള ചുവട് വയ്പ്പാണെന്നായിരുന്നു ബിജെപി നേതാവ് മുകുള്‍ റോയിയുടെ പ്രതികരണം. 

രാമനവമി ആഘോഷത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് തയാറാക്കിയ ആഘോഷ പന്തലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. ഹവുറ ജില്ലയിലും ദുര്‍ഗപുറിലും തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 

പാരമ്പര്യത്തെ ഉയര്‍ത്തികാട്ടാനായാണ് ആയുധ റാലി നടത്തിയതെന്നും അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളില്‍ പങ്കെടുക്കാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നയമാറ്റം മമതാ സര്‍ക്കാര്‍ മൃദു ഹിന്ദുത്വത്തിലേക്ക് ചുവട് മാറുന്നതിന്‍റെ സൂചനയാണെന്നും ബിജെപി ആരോപിച്ചു.

Trending News