close

News WrapGet Handpicked Stories from our editors directly to your mailbox

ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍റെ പ്രധാന സഹായി അറസ്റ്റില്‍

രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ള മുഹമ്മദ് അല്‍താഫ് സയീദ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പലതവണ വന്നുപോകാറുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.   

Updated: Aug 14, 2019, 11:38 AM IST
ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍റെ പ്രധാന സഹായി അറസ്റ്റില്‍

തിരുവനന്തപുരം: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍റെ പ്രധാന സഹായി മുഹമ്മദ്‌ അല്‍താഫ് സയീദ്‌ അറസ്റ്റില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ പൊലീസിന്‍റെ പ്രത്യേക സംഘമാണ് അറസ്റ്റുചെയ്തത്.

മും‌ബൈ പൊലീസ് പിടികൂടിയതിന് ശേഷമാണ് കേരള പൊലീസിനെ അറിയിച്ചതെന്നാണ് സൂചന. ദാവൂദിന്‍റെ സഹോദരന്‍ അനീസ്‌ ഇബ്രാഹിമിന്‍റെ ഏറ്റവും അടുത്ത അനുയായിയാണ് സയീദ്‌. 

രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ള മുഹമ്മദ് അല്‍താഫ് സയീദ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പലതവണ വന്നുപോകാറുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. അനീസ് ഇബ്രാഹീമിന്‍റെ ഹവാല ഇടപാടുകളും അന്താരാഷ്ട്ര ഇടപാടുകളും ഇയാളാണ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

സയിദിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് കൃത്യമാ‍യ സൂചനകൾ ലഭിച്ചതിനെ തുടർന്നാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. വ്യവസായികളെ തട്ടിക്കൊണ്ടു പോകൽ സ്ഥിരം തൊഴിലാക്കിയ ഇയാൾ ദുബായിൽ നിന്നാണ് കണ്ണൂരിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു.

ദാവൂദിന്‍റെ ഡി കമ്പനിയില്‍ പത്തുകൊല്ലത്തിലധികമായി അംഗമാണ് മുഹമ്മദ് അല്‍താഫ് സയീദ്. കണ്ണൂര്‍ വിമാനത്താവളവുമായും കേരളവുമായും ഇയാളുടെ ബന്ധങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷിച്ചുവരികയാണെന്ന്‍ പൊലീസ് പറഞ്ഞു. മാത്രമല്ല ഇയാള്‍ ഇടയ്ക്ക് കണ്ണൂരില്‍ ഒളിച്ചു താമസിച്ചിരുന്നതായും മുംബൈ പൊലീസ് പറഞ്ഞു.