വാഹനത്തില്‍ കോണ്ടമില്ലെങ്കില്‍ വന്‍തുക പിഴ?

പൊലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ കോണ്ടം വാങ്ങി നിറച്ചത്. 

Last Updated : Sep 21, 2019, 06:05 PM IST
വാഹനത്തില്‍ കോണ്ടമില്ലെങ്കില്‍ വന്‍തുക പിഴ?

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയെ ചുറ്റിപ്പറ്റി ഡല്‍ഹിയില്‍ വ്യാജ പ്രചരണം.

അധികാരികളുടെ പിഴയില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനങ്ങളില്‍ കോണ്ട൦ സൂക്ഷിക്കണമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

ഡല്‍ഹിയിലെ ടാക്സികളില്‍ ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ക്കൊപ്പം കോണ്ടമില്ലെങ്കില്‍ ഉയര്‍ന്ന പിഴ ഈടാക്കുമെന്നാണ് ഡ്രൈവര്‍മാര്‍ക്കിടയിലെ വ്യാജ പ്രചാരണം . 

കോണ്ടം സൂക്ഷിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ ടാക്സി ഡ്രൈവറായ ധര്‍മ്മേന്ദ്രയില്‍ നിന്നും അധികാരികള്‍ ഉയര്‍ന്ന പിഴ ഈടാക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. 

ഇതോടെ, കോണ്ടമില്ലെങ്കില്‍ പിഴ ലഭിക്കുമെന്ന് ഉറപ്പിച്ച ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ കോണ്ടം വാങ്ങി സൂക്ഷിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

പൊലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ കോണ്ടം വാങ്ങി നിറച്ചത്. 

എന്നാല്‍, കുറഞ്ഞത് മൂന്ന് കോണ്ടമെങ്കിലും വാഹനത്തില്‍ സൂക്ഷിക്കുന്നത് നല്ലതാണെന്ന് ഡല്‍ഹി സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കമല്‍ജീത് ഗില്‍ പറഞ്ഞു. 

പെട്ടന്നുണ്ടാകുന്ന മുറിവുകള്‍ വെച്ചുകെട്ടാന്‍ കോണ്ടം സൂക്ഷിക്കുന്നത് ഉപകാരപ്രദമാകും എന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം സൂക്ഷിക്കാത്തതിന്റെ പേരില്‍ ആരില്‍നിന്നും ഇതുവരെ പിഴ ഈടാക്കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍(ട്രാഫിക്) താജ് ഹസന്‍ വ്യക്തമാക്കി.

Trending News