close

News WrapGet Handpicked Stories from our editors directly to your mailbox

ചിദംബരത്തെ കുരുക്കാന്‍ സിബിഐ മന:പൂർവ്വം ശ്രമിക്കുന്നു: കപിൽ സിബൽ

സിബിഐ മന:പൂർവ്വം ചിദംബരത്തെ കുരുക്കാന്‍ ശ്രമിക്കുന്നതായി കപിൽ സിബൽ സിബിഐ പ്രത്യേക കോടതിയില്‍.  

Updated: Aug 22, 2019, 05:50 PM IST
ചിദംബരത്തെ കുരുക്കാന്‍ സിബിഐ മന:പൂർവ്വം ശ്രമിക്കുന്നു: കപിൽ സിബൽ

ന്യൂഡല്‍ഹി: സിബിഐ മന:പൂർവ്വം ചിദംബരത്തെ കുരുക്കാന്‍ ശ്രമിക്കുന്നതായി കപിൽ സിബൽ സിബിഐ പ്രത്യേക കോടതിയില്‍.  

സിബിഐയുടെ പക്കല്‍ ചോദിയ്ക്കാന്‍ ചോദ്യങ്ങളില്ല, അവര്‍ വെറും 12 ചോദ്യങ്ങളാണ് ഇതുവരെ ചോദിച്ചത്, കപിൽ സിബൽ ചൂണ്ടിക്കാട്ടി. കൂടാതെ, സിബിഐയും ഇഡിയും വിളിചപ്പോഴെല്ലാം ചിദംബരം ഹാജരായിരുന്നു, അതേസമയം, ചിദംബരം കസ്റ്റഡിയില്‍ കഴിയണമെന്നാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നും കപിൽ സിബൽ ആരോപിച്ചു.

എന്നാല്‍, സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചിദംബരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചിദംബരം പദവി ദുരുപയോഗം ചെയ്തതായും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കൂടാതെ വിശദമായ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും കൂട്ടുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നു പറഞ്ഞ ചിദംബരം, കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നും താന്‍ അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. 

കാർത്തി ചിദംബരവും ഇന്ദ്രാണി മുഖർജിയുമായുള്ള ടെലഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളിൽ ചിദംബരം മൗനം പാലിച്ചു. കേസുമായി ബന്ധപ്പെട്ട് മുൻപ് എടുത്ത നിലപാട് തന്നെയാണ് അദ്ദേഹം ചോദ്യം ചെയ്യലിലും തുടർന്നത്. കുറ്റപത്രമില്ലെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും കരട് കുറ്റപത്രം ഉണ്ടെന്നുമാണ് സിബിഐയുടെ നിലപാട്. അതേസമയം എൻഫോഴ്സ്മെന്‍റ് ഇതു വരെയും ചിദംബരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ചിദംബരത്തിനെ ഇന്ന് രാവിലെ മുതലാണ് സി.ബി.ഐ ചോദ്യം ചെയ്യാനാരംഭിച്ചത്. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.  

തികച്ചും നാടകീയമായായിരുന്നു അറസ്റ്റ്. ചിദംബരത്തിന്‍റെ വസതിയുടെ മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം അകത്ത് പ്രവേശിച്ചത്‌. വീടിന്‍റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. കോണ്‍ഗ്രസ്‌ ആസ്ഥാനത്ത് പത്ര സമ്മേളനം നടത്തിയശേഷം ചിദംബരം വീട്ടിലെത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗ സംഘം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്.

കേന്ദ്ര ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണ് ചിദംബരത്തിനെതിരെയുള്ള സിബിഐ കേസ്. 

4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്.

ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ്.