close

News WrapGet Handpicked Stories from our editors directly to your mailbox

നേതാക്കള്‍ വീട്ടുതടങ്കലില്‍, പിന്നെ ആര് മത്സരിക്കും?

ജമ്മു-കശ്മീരില്‍ നടക്കാനിരിക്കുന്ന ബ്ലോക്ക് ഡെവലപ്പ്‌മെന്‍റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കനൊരുങ്ങി കോണ്‍ഗ്രസ്!!

Sheeba George | Updated: Oct 9, 2019, 06:29 PM IST
നേതാക്കള്‍ വീട്ടുതടങ്കലില്‍, പിന്നെ ആര് മത്സരിക്കും?

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ നടക്കാനിരിക്കുന്ന ബ്ലോക്ക് ഡെവലപ്പ്‌മെന്‍റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കനൊരുങ്ങി കോണ്‍ഗ്രസ്!!

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ചാണ് നടപടി. 

കശ്മീരികളെ മിഥ്യാധാരണയില്‍ നിര്‍ത്തി മിനിറ്റുകള്‍ക്കുള്ളിലാണ് ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കശ്മീരികളുടെ വിശ്വാസം നേടിയെടുക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടി സര്‍ക്കാരിന്‍റെ ഈ നീക്കത്തെ എതിര്‍ക്കുന്നു. ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി തെറ്റാണ്, കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മീര്‍ പറഞ്ഞു.

'ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ഒളിച്ചോടുകയല്ല. പക്ഷെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മത്സരിക്കാന്‍ പാര്‍ട്ടികള്‍ എവിടെയാണ്? ആരാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക? ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായും കേന്ദ്രവുമായും സംസാരിച്ചു. പക്ഷെ ഞങ്ങളുടെ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞങ്ങളുടെ നേതാക്കളെ പുറത്തിറക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു പ്രതികരണവും നല്‍കുന്നില്ല'- കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മീര്‍  ഡല്‍ഹിയില്‍ പറഞ്ഞു.

കൂടാതെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ശരിയായ നടപടിയിലൂടെയല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പാര്‍ട്ടിക്കു മാത്രം ജയിച്ചുകയറാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടം നേതാക്കളെ തടങ്കലില്‍ നിന്ന് മോചിപ്പിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും മിര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 24നാണ് ജമ്മു-കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്.

മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ഇവരെ ഘട്ടം ഘട്ടമായി വിട്ടയക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റ് 4 മുതല്‍ ഈ നേതാക്കള്‍ വീട്ടുതടങ്കലിലാണ്. കഴിഞ്ഞ ദിവസമാണ് ഈ നേതാക്കളെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്.