സാമ്പത്തിക പ്രതിസന്ധി മറയ്ക്കാന്‍ പ്രതിദിനം ഒരു തലക്കെട്ട്‌!!

ഇ-സിഗരറ്റ്, ഇ-ഹുക്ക നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Sep 19, 2019, 03:53 PM IST
 സാമ്പത്തിക പ്രതിസന്ധി മറയ്ക്കാന്‍ പ്രതിദിനം ഒരു തലക്കെട്ട്‌!!

ന്യൂഡല്‍ഹി: ഇ-സിഗരറ്റും ഇ-ഹുക്കയും  നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്‌, കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ എന്നിവരാണ് കേന്ദ്ര നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയത്.  

ഇ-സിഗരറ്റ്, ഇ-ഹുക്ക നിരോധനം ധനകാര്യമന്ത്രിയുടെ ‘വലിയ’ പ്രഖ്യാപനമാണെന്നായിരുന്നു ജയ്‌റാം രമേശിന്‍റെ പരിഹാസം. 

സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ മറയ്ക്കാനായി പ്രതിദിനം ഓരോ പുതിയ തലക്കെട്ടുകള്‍ ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്‍റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. 

സിഗററ്റുകളും പാന്‍മസാലകളും നിരോധിക്കാന്‍ സര്‍ക്കാരിനാകുമോ എന്നറിയാനാഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.

അതേസമയം, ഇ-സിഗരറ്റ്, ഇ-ഹുക്ക നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഗററ്റ് കമ്പനികളില്‍ നിന്ന് മാത്രം 28000 കോടി രൂപയാണ് സര്‍ക്കാരിന് നികുതിയായി ലഭിക്കുന്നതെന്ന് ടുബാകോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു.

ഇ-സിഗരറ്റ്, ഇ-ഹുക്ക നിര്‍മ്മാണ൦, കയറ്റുമതി, ഇറക്കുമതി, വാണിജ്യം, വിൽ‌പന, വിതരണം, സംഭരണം, പരസ്യം എന്നിവ പൂര്‍ണ്ണമായും നിരോധിക്കുന്നതായി ഇന്നലെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. 

നിയമ ലംഘനത്തിന് കടുത്ത ശിക്ഷയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യമായി പിടിക്കപ്പെട്ടാല്‍ 1 വര്‍ഷം തടവോ, 1 ലക്ഷം രൂപ പിഴയോ, കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് രണ്ടു ശിക്ഷയും ലഭിക്കാം. 

കുറ്റം ആവര്‍ത്തിച്ചാല്‍ ‍3 വര്‍ഷം തടവോ, 5 ലക്ഷം രൂപ പിഴയോ ലഭിക്കാം. ചിലപ്പോള്‍ ഒന്നിച്ചും ലഭിക്കാം.

Trending News