ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു

കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ രാജിവെയ്ക്കുന്ന കോൺഗ്രസിന്റെ മൂന്നാമത്തെ എം.എൽ.എ ആണ് ധാരാവിയ.   

Last Updated : Mar 11, 2019, 04:54 PM IST
ഗുജറാത്തിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു

ഗാന്ധിനഗർ: ഗുജറാത്തിൽ കോൺഗ്രസിൽ നിന്നും ഒരു എം.എൽ.എ കൂടി രാജിവെച്ചു. ജാ‌മ്നഗർ റൂറലിൽ നിന്നുള്ള കോൺഗ്രസ് അംഗം വല്ലഭ് ധാരാവിയയാണ് രാജിവെച്ചത്. രാജിക്കത്ത് സ്പീക്കർക്ക് കൈമാറി.

 

 

കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ രാജിവെയ്ക്കുന്ന കോൺഗ്രസിന്റെ മൂന്നാമത്തെ എം.എൽ.എ ആണ് ധാരാവിയ. നേരത്തെ രാജിവെച്ച രണ്ടു പേരും ബിജെപിയിൽ ചേർന്നു. ചാവ്ദയും പുരുഷോത്തം സവാരിയയുമാണ് നേരത്തെ ബിജെപിയിൽ ചേർന്ന എം.എൽ.എമാർ.

തിരഞ്ഞെടുപ്പിൽ 77 സീറ്റ് ലഭിച്ച കോൺഗ്രസിൽ നിന്ന് ഇതുവരെ അഞ്ച് എം.എൽ.എമാരാണ് രാജിവെച്ചത്. ഇതിൽ നാല് പേരും ബിജെപിയിൽ ചേർന്നു. നിയമവിരുദ്ധ ഖനന അഴിമതിക്കേസിൽ ഉൾപ്പെട്ട ഒരു എം.എൽ.എയെ അയോഗ്യനാക്കിയിരുന്നു. ഇതോടെ കോൺഗ്രസിന്റെ ആകെ അംഗസംഖ്യ 71 ആയി.

നേരത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളും എം.എൽ.എമാരുമായിരുന്ന ആഷ പട്ടേലും കുൻവർജി ബാവലിയയുമാണ് എം.എൽ.എ സ്ഥാനങ്ങൾ രാജിവെച്ച് ബിജെപിയിൽ ചേർന്നത്. സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളുടെ പിന്തുണയുള്ള നാല് എം.എൽ.എമാർ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.

അതേസമയം പാട്ടീദാർ നേതാവ് ഹാർദിക് പട്ടേലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ഘടകം. ചൊവ്വാഴ്ച്ച നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേരുമെന്നാണ്‌ സൂചന.

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ്.

Trending News