സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

Updated: May 15, 2018, 05:16 PM IST
സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ

ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

ഈയവസരത്തില്‍ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം വെട്ടിലായി. സംസ്ഥാനത്ത് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന ധാരണയില്‍ അന്തിമഫലത്തിനായി കാത്തിരുന്ന ബിജെപിയ്ക്ക് നിരാശയായിരുന്നു ഫലം. 

അതേസമയം, അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ  പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എസ്. യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണെന്നും യെദ്യുരപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളി ബി.ജെ.പിയെ അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ കോണ്‍ഗ്രസ് മുക്ത കര്‍ണാടകം എന്ന സ്വപ്‌നത്തിലേക്ക് നീങ്ങുകയാണ്. പുറം വാതിലിലൂടെ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും യെദ്യൂരപ്പ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച്‌ ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കും. ഭാരതീയ ജനതാപര്‍ട്ടിക്ക് അഭിമാനിക്കാവുന്ന വിജയം സമ്മാനിച്ച കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും യെദ്യുരപ്പ ചൂണ്ടിക്കാട്ടി.
 കോണ്‍ഗ്രസുമായോ ജനതാദളുമായോ ചര്‍ച്ചക്ക് ഇല്ലെന്ന് യെദ്യൂരപ്പ മുന്‍പ് പറഞ്ഞിരുന്നു. 
സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, കേവല ഭൂരിപക്ഷം ലഭിക്കാതതിനാല്‍ ഭരണം പിടിക്കാൻ മറുതന്ത്രം മെനയുകയാണ് ബിജെപി. ജെഡിഎസിന് പിന്തുണ നൽകി ഭരണം നിലനിർത്താനുള്ള കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ മെനയുകയാണ് ബിജെപി നേതൃത്വം.

സഖ്യചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പ്രത്യേക വിമാനത്തിൽ കർണാടകയിലേക്കു പുറപ്പെട്ടു. പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കർണാടകയിൽ ക്യാംപ് ചെയ്ത് ചർച്ചകൾ നടത്തുന്നുണ്ട്. 100 മുതൽ 110 സീറ്റുവരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.