സേന-എന്‍സിപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ!!

44 എംഎല്‍എമാരില്‍ മുപ്പത്തിയൊന്‍പത് പേരും സര്‍ക്കാരില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടു. 

Sneha Aniyan | Updated: Nov 11, 2019, 06:47 PM IST
സേന-എന്‍സിപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ!!

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. 

എന്‍സിപി-ശിവസേന സഖ്യത്തിന് പിന്തുണ നല്‍കേണ്ട എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും. 

എന്നാല്‍, പ്രാദേശിക ഘടകം സഖ്യം വേണമെന്ന ഒരു നിലപാടിലേക്ക് എത്തുകയായിരുന്നു. 

44 എംഎല്‍എമാരില്‍ മുപ്പത്തിയൊന്‍പത് പേരും സര്‍ക്കാരില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ്‌ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 

ഇതോടെ, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാക്കള്‍ രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. 

ബിജെപിയുമായുള്ള ഇരുപത്തിയഞ്ചു വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് ശിവസേന കോണ്‍ഗ്രസ്, എന്‍സിപി പിന്തുണയോടെ സര്‍ക്കാര്‍ രൂപികരിക്കുന്നത്. 

സേനയുമായി സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍. 

എന്നാല്‍, ശിവസേനയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ പിന്തുണയ്ക്കണമെന്നും ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ അതാണ് ഏറ്റവും നല്ല വഴിയെന്നും ശരത് പവാര്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഇതോടെ, സേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ, അഹമ്മദ് പട്ടേല്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു. 

ഇതിനെല്ലാം ശേഷമാണ് സഖ്യം രൂപികരിക്കാനും പിന്തുണ നല്‍കാനും ധാരണയായത്. കൂടാതെ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വ൦ ശക്തമായി സേനയെ പിന്തുണയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. 

ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും.