തെലങ്കാനയില്‍ ടിആര്‍എസ് നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സോണിയയും രാഹുലും ഇന്നെത്തും

പ്രാദേശികതലത്തില്‍ സ്വാധീനമുള്ള നേതാക്കളെയാണ് ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Updated: Nov 23, 2018, 10:33 AM IST
തെലങ്കാനയില്‍ ടിആര്‍എസ് നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സോണിയയും രാഹുലും ഇന്നെത്തും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയില്‍ ടിആര്‍എസ് നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ ഏകാധിപത്യ രീതിയോട് എതിര്‍പ്പുള്ളവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 

ടിആര്‍എസില്‍ നിന്ന് കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള രഹസ്യ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികതലത്തില്‍ സ്വാധീനമുള്ള നേതാക്കളെയാണ് ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിആര്‍എസില്‍ നിന്നു രാജിവച്ച വികറബാദ് എംഎല്‍എ ബി. സഞ്ജീവ റാവു, മുതിര്‍ന്ന നേതാക്കളായ കെ.യാദവ റെഡ്ഡി, എസ്.ജഗദീശ്വര്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ച നടക്കുന്നുണ്ട്.

മെദ്ചല്‍ മണ്ഡലത്തില്‍ ഇന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ സോണിയ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.

സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചില മണ്ഡലങ്ങളില്‍ വിമതര്‍ രംഗത്തുവന്നത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബോത്ത് മണ്ഡലത്തില്‍ സോയം ബാപ്പു റാവുവിനെതിരെ അനില്‍ ജാദവ്, ഖാനാപുരില്‍ രമേശ് റാഥോഡിനെതിരെ ഹരീഷ് നായിക്, മുദോളില്‍ രാമറാവു പട്ടേലിനെതിരെ സഹോദരന്‍ നാരായണ റാവു പട്ടേല്‍ എന്നിവരാണു രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു.

മെദ്ചല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലക്ഷ്മ റെഡ്ഡിക്കെതിരെ സിബിഐ ഡിഐജി മനീഷ് കുമാര്‍ സിന്‍ഹ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കൈക്കൂലി ആരോപണമുന്നയിച്ചിരുന്നു. അഴിമതിക്കാരനു വോട്ടുപിടിക്കാന്‍ സോണിയ എത്തുന്നുവെന്ന ആരോപണവുമായി ടിആര്‍എസ് രംഗത്തെത്തിയിട്ടുണ്ട്.