റാഫേല്‍ ഇടപാട്: നിര്‍മല സീതാരാമനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്. റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച്‌ പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് ഈ നീക്കത്തിന് കോണ്‍ഗ്രസ്‌ ഒരുങ്ങുന്നത്. ലോക്‌സഭയിലാണ് നോട്ടീസ് നല്‍കുക.

Updated: Jul 23, 2018, 05:57 PM IST
റാഫേല്‍ ഇടപാട്: നിര്‍മല സീതാരാമനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്. റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച്‌ പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് ഈ നീക്കത്തിന് കോണ്‍ഗ്രസ്‌ ഒരുങ്ങുന്നത്. ലോക്‌സഭയിലാണ് നോട്ടീസ് നല്‍കുക.

വിവാദമായ റാഫേൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് പ്രതിരോധ മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത്. എന്നാല്‍  കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്‍ ലോക്സഭയിൽ നടത്തിയ വിശദീകരണം അസത്യമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ആരോപിച്ചു. കാരണം 2008ലെ രഹസ്യധാരണ വ്യവസ്ഥ റാഫേല്‍ ഇടപാടിന് ബാധകമല്ല എന്നത് തന്നെ. 

യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കാണ് നിക്ഷേപം നടത്താൻ അനുമതി നൽകിയിട്ടുള്ളത്. ഇതിന് പിന്നിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ നടന്നിട്ടുണ്ട്. റാഫേൽ ഇടപാടിൽ വലിയ കുംഭകോണമാണെന്നും അന്വേഷണം നടത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. 

മൂന്നിരിട്ടി വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയത്. 526 കോടിയിൽ നിന്ന് 1,690 കോടി രൂപയായി ഇത് ഉയർന്നു. അതിനാൽ, ഇടപാട് സംബന്ധിച്ച മുഴുവൻ വിവരങ്ങൾ പുറത്തുവിടണമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ആന്‍റണിയും ആനന്ദ് ശർമയും ആവശ്യപ്പെട്ടു.

വിവാദമായ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ പാർലമെന്‍റിൽ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് എന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. താനും ആനന്ത് ശർമ്മയും മൻമോഹൻ സിംഗും ഫ്രഞ്ച് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, റാഫേൽ ഇടപാടില്‍ വെളിപ്പെടുത്താൻ പറ്റാത്തതായി ഒന്നും ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് തന്നോട് പറഞ്ഞതായും രാഹുൽ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.