ചീഫ്ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും: സുപ്രീംകോടതി

ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ ഉറവിടം കണ്ടെത്താനുറച്ച് സുപ്രീംകോടതി. 

Last Updated : Apr 24, 2019, 05:28 PM IST
ചീഫ്ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ ഉറവിടം കണ്ടെത്താനുറച്ച് സുപ്രീംകോടതി. 

പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചിരിയ്ക്കുകയാണ്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ "ഗൂ‌ഢാലോചന"യാണ് ബെഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. വേരിലേക്കിറങ്ങിചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കിൽ സുപ്രീംകോടതി നിലനിൽക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. അതേസമയം, മുൻ വിധിയോടെ അന്വേഷണം പാടില്ലെന്നായിരുന്നു ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടത്. 

ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ഇന്ദിര ജയ്‍സിംഗ് ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ ബെഞ്ചിൽ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസിന് എതിരായ ഗൂ‍ഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആർ എഫ് നരിമാൻ പറഞ്ഞു. 

ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നു എന്നുകാട്ടി അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം അറിയണമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍റെ കത്ത് പുറത്തുവിടാനാകില്ലെന്ന‌് ജസ്റ്റിസ് അരുൺ മിശ്ര മറുപടി നൽകി.

സുപ്രീംകോടതിയിൽ നിന്ന് പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ചീഫ് ജസ്റ്റിസിന് എതിരായ ഗൂഡാലോചനക്ക് പിന്നിലെന്ന് ആരോപണമുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറ‌ഞ്ഞു. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന‌ അറിയണമെന്നും അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 

അതേസമയം, ചീഫ്ജസ്റ്റിസിനെതിരായ ഗൂഡാലോചന സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ ഉത്സവ് ബെയിൻസിനോട് കോടതി ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.

അതേസമയം ചീഫ്ജസ്റ്റിസിന് എതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരിക്ക് അന്വേഷണ സമിതി നോട്ടീസ് അയച്ചു. വെളളിയാഴ്ച അന്വേഷണ സമിതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കും. ചീഫ് ജസ്റ്റിസിനെതിരെ ജുഡീഷ്യല്‍ അന്വേഷണമല്ല നടക്കുന്നതെന്നും സമിതി കണ്ടെത്തി.

 

Trending News