കൊവിഡ് പ്രതിരോധ മാതൃക; ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന
ഇപ്പോൾ പ്രതിദിനം പത്തിൽ താഴെ കേസുകൾ മാത്രമേ ധാരാവിയിൽ റിപ്പോർട് ചെയ്യപ്പെടുന്നുള്ളു.
കൊവിഡ് വ്യാപിക്കാതിരിക്കാനും രോഗം പിടിപെടാതെയും ഇരിക്കാനുള്ള പ്രതിരോധത്തില്‍ മുംബൈയിലെ ധാരാവി മികച്ച മാതൃക എന്ന് ലോകാരോഗ്യസംഘടന. രോഗ വ്യാപനം പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും തടയാന്‍ സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഏഷ്യയിലെത്തന്നെ ഏറ്റവും വലിയചേരിയായ ധാരാവിയിൽ പത്തുലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്. പത്തായിരത്തോളം കൂരകൾക്കിടയിലാണ് ഇത്രയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്. രോഗം പിടിപെട്ടാൽ തടുത്തുനിർത്താൻ ഏറ്റവും പ്രയാസമുള്ള സ്ഥലമായിരുന്നു ധാരാവി, ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ ചിന്തയും ധാരാവിയെക്കുറിച്ചായിരുന്നു. ഏപ്രില്‍ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം വീടുകളില്‍ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്, 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകൾ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.
Also Read: ഗുരുതര കോവിഡ് രോഗികള്‍ക്ക് സോറിയാസിസ് മരുന്നായ ഐറ്റൊലൈസുമാബ് നല്‍കാൻ അനുമതി
ചേരിയില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവര്‍ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവര്‍ ക്ലിനിക്കുകളിലൂടെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഉടന്‍തന്നെ സ്‌ക്രീനിങിന് വിധേയരാക്കി അടുത്തുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലാക്കി. തുടർന്ന് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രം പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. ഇപ്പോൾ പ്രതിദിനം പത്തിൽ താഴെ കേസുകൾ മാത്രമേ ധാരാവിയിൽ റിപ്പോർട് ചെയ്യപ്പെടുന്നുള്ളു.
ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാന്‍ സാധിച്ചത്. ജൂണില്‍ ഹോട്ട്‌സ്‌പോട്ട് ആയിരുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പായതോടെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായി. ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.