ഭിൽവാര : പശുക്കൾക്ക് രോഗാണുക്കളെ അകറ്റുന്ന കാന്തിക ശക്തിയുണ്ടെന്നും, രാജ്യത്ത് പശു സംരക്ഷണത്തിനായി പുതിയ ശ്രമങ്ങൾ നടത്തണമെന്നും പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. ഭിൽവാര ജില്ലയിലെ ശംഭുപുര ഗ്രാമത്തിൽ തുളസി ഗോശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പശുക്കളോട് മനഃപൂർവ്വം അനാദരവ് കാട്ടുന്നത് നിർഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണൻ പശുക്കളോട് കാണിച്ച ആദരവിനെ കുറിച്ചും ചടങ്ങിൽ അദ്ദേഹം പരാമർശിച്ചു. ലോകം പശുക്കളുടെ പ്രാധാന്യം തിരിച്ചറിയുമെന്നും അത് എല്ലാ വർഷവും അവയുടെ സംരക്ഷണത്തിലേക്ക് നയിക്കുമെന്നും ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. പശുക്കളെ സംരക്ഷിച്ചില്ലെങ്ങിൽ, രാജ്യത്തെ കൃഷി ഇല്ലാതാകും എന്നും അദ്ദേഹം ആശങ്കപ്പെട്ടു.
'മുൻകാലങ്ങളിൽ, വീടുകളിൽ പശുക്കളെ പരിപാലിച്ചിരുന്നു. കാരണം അവയ്ക്ക് നമ്മുടെ ശരീരത്തിൽ നിന്ന് രോഗാണുക്കളെ അകറ്റാൻ കഴിയുന്ന കാന്തിക ശക്തിയുണ്ട്. പശുക്കളെ തെറ്റായി ചിത്രീകരിക്കുകയും വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് നിർഭാഗ്യകരമാണ്, ഇത് അവയെ അവഗണിക്കുന്നതിലേക്ക് നയിച്ചു,' രാജസ്ഥാനിലെ മുൻ മന്ത്രിയായിരുന്ന കതാരിയ തന്റെ പ്രസംഗത്തിൽ പറഞ്ഞു''.
അതെസമയം രാജ്യത്ത് നടക്കുന്ന അഴിമതികൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ദരിദ്രർക്കായി ഉദ്ദേശിച്ചിരുന്ന ഫണ്ടുകൾ അഴിമതി കാരണം അവരിലേക്ക് എത്താതിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവധത്തിനെതിരായ നിയമ നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, വസുന്ധര രാജെ സർക്കാരിന്റെ കാലത്ത് ഗോശാലകൾക്ക് നൽകിയ സാമ്പത്തിക സഹായത്തെയും അദ്ദേഹം പ്രശംസിച്ചു. .
ആർഎസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ചന്ദ്ര, മന്ത്രി സൊറാറാം കുമാവത്, എംപി ദാമോദർ അഗർവാൾ, ഷാപുര എംഎൽഎ ഡോ. ലാലാറാം ബൈർവ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.