ക്രൂഡ് ഓയില്‍ ഇറക്കുമതി: തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമ സ്വരാജ്

അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 

Last Updated : May 15, 2019, 07:08 PM IST
ക്രൂഡ് ഓയില്‍ ഇറക്കുമതി: തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. 

അമേരിക്കയും ഇറാനും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫുമായി ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കില്ലെന്ന് മൂന്നാഴ്ച മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഏഴുരാജ്യങ്ങളെ ആറുമാസത്തേക്കായിരുന്നു അമേരിക്ക ഉപരോധത്തില്‍നിന്ന് ഒഴിവാക്കിയത്. ഈ കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം.

ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ട്രംപ് നടത്തിയ പ്രഖ്യാപനം ഇന്ത്യക്കും ബാധകമാണ്. ഒന്നാംസ്ഥാനം ചൈനയ്ക്കാണ്. 

അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച്‌ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇന്ത്യക്ക് ഉപരോധം നേരിടേണ്ടി വരും. അത് മറ്റ് പല പ്രതിസന്ധികള്‍ക്കും കാരണമാകും എന്നതിനാല്‍ വ്യക്തമായ തീരുമാനം എടുക്കാനാവാത്ത സാഹചര്യത്തിലാണ് ഇന്ത്യ.

 

 

Trending News