ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് ദളിത് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ. അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർഥിയുടെ തലയോട്ടി പൊട്ടി. വി അഗാരം സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ എം സാധുസുന്ദറിനെ കായികാധ്യാപകനായ സെംഗെനി ആണ് മർദ്ദിച്ചത്. ഈ മാസം പതിനാലിനാണ് അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്.
സ്റ്റെയർകേസിന് മുകളിൽ നിന്ന് ഇയാൾ കുട്ടിയുടെ തലയിൽ പലതവണ ചൂരൽ ഉപയോഗിച്ച് ആഞ്ഞടിച്ചുവെന്നാണ് ആരോപണം. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായി വീണ കുട്ടിയെ അടുത്തുള്ള രണ്ട് ആശുപത്രികളിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ കയ്യൊഴിഞ്ഞു. തുടർന്ന് പുതുച്ചേരി ജിപ്മറിൽ എത്തിച്ചാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
സംഭവത്തിൽ അധ്യാപകനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നുമാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മർദ്ദനത്തിന് ഇരയായ വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.









