)
മുംബൈ: അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇതേ തുടർന്ന് ഈ രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തീരദേശ ജില്ലകളോട് സജ്ജകാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
നിലവിൽ ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ അകലെ കേന്ദ്രീകരിച്ചിരിക്കുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ചയോടെ വടക്ക്-പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന പടിഞ്ഞാറ്-മധ്യ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ 'ശക്തി ചുഴലിക്കാറ്റ്' വീണ്ടും ദിശ മാറി കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും, പിന്നീട് ക്രമേണ ദുർബലമാവുകയും ചെയ്യുമെന്നാണ് അറിയിപ്പ്.
മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് തുടങ്ങിയ സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വരെ വടക്കൻ മഹാരാഷ്ട്ര തീരങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം കേരളത്തിൽ ഒക്ടോബർ 5,6 തിയതികളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.