New Delhi: കര്‍ണാടക കോണ്‍ഗ്രസ് (Karnataka Congress) അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരേ (D K Shivakumar) അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ (CBI) കേസെടുത്തു.
മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷുമായും ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സിബിഐ ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി 14 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 57 ലക്ഷത്തോളം രൂപയും ഹാര്‍ഡ് ഡിസ്ക്, വസ്തു രേഖകള്‍, ബാങ്ക് രേഖകള്‍ എന്നിവയും കണ്ടെടുത്തതായി സിബി ഐ അവകാശപ്പെട്ടു.
സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരേ സിബിഐ കള്ളപ്പണം വെളുപ്പിക്കലിനും മറ്റും കേസെടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ സിബിഐക്ക് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു.
സഹോദരന് ഡി.കെ സുരേഷിന്റെയും മറ്റ് ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സമയത്തും ശിവകുമാറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നിരുന്നു.
ഹവാല ഇടപാട്, നികുതി വെട്ടിപ്പ് ആരോപിച്ച് 2018 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മൂന്നിനായിരുന്നു അറസ്റ്റ്. ഒക്ടോബര്‍ 23നാണ് അദ്ദേഹത്തിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Also read: അഴിമതി ആരോപണം: ഡി. കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലുമടക്കം CBI റെയ്ഡ്
എന്നാല്‍, ബിജെപി തന്നെ വേട്ടയാടുകയാണെന്നും അനീതിക്കെതിരേ പോരാടുന്നതില്‍നിന്ന് തന്നെ തടയാന്‍ ഇത്തരം റെയ്ഡുകള്ക്കാവില്ലെന്നും ജനകീയകോടതിയില്‍ വിജയം നേടുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് റെയ്ഡുകള്‍ ആരംഭിച്ചത്. വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.